തൃശൂര്‍: ദേശീയ ബോധത്തില്‍ അധിഷ്ഠിതമായ സാമൂഹ്യ പരിവര്‍ത്തനം ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു പറഞ്ഞു. സാമൂഹ്യമാറ്റത്തിന് ഭരണാധികാരം മാത്രമല്ല ഉപാധി. വ്യക്തികളുടെ മനസ്സിലും ചിന്തയിലും പരിവര്‍ത്തനം വരുത്തുകയാണ് ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനശൈലി. ഇതിനുള്ള അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് സംഘത്തിന്റെ ശാഖകളും ശിബിരങ്ങളും. പേരാമംഗലം ദുര്‍ഗാവിലാസം സ്കൂളില്‍ നടന്ന പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ് സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഔപചാരിക വിദ്യാഭ്യാസം സ്വന്തംകാര്യത്തിനുമാത്രമായി ഒതുങ്ങുകയാണ്. സര്‍വ്വചരാചരങ്ങള്‍ക്കും ഹിതം ഭവിക്കട്ടെ എന്ന ഭാരതീയ ചിന്തയാണ് സംഘത്തിന് പ്രവര്ത്തനാദര്ശം. ഈ മനോഭാവം വളര്‍ത്താനാണ് സംഘത്തിന്റെ പരിശീലനങ്ങള്‍. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ചിലരാഷ്ട്രീയക്കാര് ഇപ്പോഴും പയറ്റുന്നത്. ജാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ ജനതയെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷവും മുസ്ലിം മതമൗലിക വാദവും ഭാരതദേശീയതയെ എന്നും എതിര്‍ക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇവര്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അതിശയമില്ല.
തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ നല്കി നിക്ഷിപ്ത താല്പര്യക്കാരായ ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. നാടിന്റെ നിലനില്‍പ്പിന് ദേശീയബോധമുള്ള തലമുറ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ലോകം മുഴുവന്‍ സാമ്പത്തിക-സാംസ്കാരിക പ്രതിസന്ധിയില്‍ അകപ്പെടുമ്പോഴും ഭാരതം വികസനത്തിന്റെയും മൂല്യങ്ങളുടേയും കാര്യത്തില്‍ ലോകത്തിന് മാതൃകയാണ്. ഈ മാതൃക നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പുതിയ തലമുറയുടെ കര്‍ത്തവ്യമെന്നും ഡോ. മധു പറഞ്ഞു.
മേജര്‍ ജനറല്‍ (റിട്ട.) ഡോ. എം.എന്‍. ഗോപിനാഥന് സമാപനസമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. വര്‍ഗ് അധികാരി സി.പി. മോഹനചന്ദ്രന്, വര്‍ഗ് കാര്യവാഹ് എം.കെ. അശോകന്, മഹാനഗര്‍ കാര്യവാഹ് കെ.എ. ഉണ്ണികൃഷ്ണന്, എന്നിവരും സംസാരിച്ചു. ക്ഷേത്രീയപ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, പ്രാന്ത സേവാപ്രമുഖ് എ. വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തോളം ശിക്ഷാര്‍ത്ഥികളാണ് ഇരുപത് ദിവസം നീണ്ടുനിന്ന ശിബിരത്തില്‍ പങ്കെടുത്തത്. സമാനപത്തിന്റെ ഭാഗമായി ശിക്ഷാര്‍ത്ഥികളുടെ കായിക പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: