മുക്ത്‌സര്‍: പഞ്ചാബില്‍ പട്ടാപ്പകല്‍ യുവതിയെ ജോലിസ്ഥലത്തുനിന്നു പിടിച്ചിറക്കി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. ഗുര്‍ജിന്ധര്‍ എന്നയാളാണ് ഇന്നു രാവിലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരായ ഇയാളും യുവതിയും പരിചയക്കാരാണെന്നാണ് പോലീസ് പറയുന്നത്. പഞ്ചാബിലെ മുക്ത്‌സറില്‍ മാര്‍ച്ച് 25നാണ് സംഭവം. നഗരമധ്യത്തിലെ കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ് പീഡനത്തിനിരയായത്. ജോലിസ്ഥലത്തെത്തിയ ഗുര്‍ജിന്ധര്‍ 24 വയസുകാരിയെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. യുവതിയെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു.
കമ്പ്യൂട്ടര്‍ സെന്ററിനു സമീപമുള്ള കടയുടെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. വഴിയില്‍ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നിട്ടും സഹായത്തിനു വേണ്ടി ആര്‍ത്തുനിലവിളിക്കുന്ന യുവതിയെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവാവ് ഫാം ഹൗസില്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതിനിടെ, സംഭവത്തില്‍ പോലീസ് അനാസ്ഥ കാട്ടിയതായി യുവതിയും പിതാവ് ദേശീയ പട്ടിക ജാതി കമീഷന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കമീഷന്‍ പോലീസിനോട് വിശദീകരണം ചോദിച്ചു.
















