കണ്ണൂര്‍: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ധര്‍മടം മണ്ഡലത്തില്‍ മാരാരിക്കുളം ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും മന്ത്രി കെ.സി ജോസഫ്. പ്രസ്സ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം പ്രസ്സ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ നിന്നും വിഎസ് ഒഴിഞ്ഞുമാറുകയായിരുന്നു. ഫെയ്സ്ബുക്കില്‍ മാത്രമാണ് വിഎസ് ഇപ്പോള്‍ അഭിപ്രായം പറയുന്നത്. സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നതിന്റെ തെളിവാണ് പിണറായി വിജയന്റേയും വിഎസിന്റേയും ഫെയ്സ്ബുക്ക് അഭിപ്രായപ്രകടനങ്ങള്‍. എന്തുകൊണ്ടാണ് വിഎസേ, നിങ്ങള്‍ ഫെയ്സ്ബുക്കിനെ മാത്രം ആശ്രയിക്കുന്നത്. വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്ക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവനയ്ക്കു മറുപടിയായി ഫെയ്സ്ബുക്കിലൂടെയാണ് വിഎസ് പ്രതികരിച്ചത്. പിണറായി വിജയനെതിരെയുള്ള വിഎസിന്റെ പരാമര്‍ശം തനിക്കെതിരല്ലെന്നാണ് പിണറായി പറയുന്നത്. കോഴിയെ കട്ടവന് തലയില്‍ രോമം തപ്പുന്നത് പോലെയാണ് ഇത്. അഞ്ചുവര്‍ഷക്കാലം സംസ്ഥാനം ഭരിച്ച സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാധാരണയായി പ്രതിപക്ഷം ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ സര്‍ക്കാറിന്റെ വികസനകാര്യങ്ങളെ കുറിച്ചോ പ്രവര്‍ത്തനങ്ങളെ കുറിച്ചോ പ്രതിപക്ഷം ഒന്നും പറയുന്നില്ല. സര്‍ക്കാറിന്റെ അഞ്ചുവര്‍ഷക്കാലത്തെ പെര്‍ഫോമന്‍സിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. യുഡിഎഫിന്റെ പ്രകടന പത്രിക വായിച്ച് വിഎസ് ചിരിച്ചുപോയിയെന്നാണ് പറയുന്നത്. എന്നാല്‍ ഈ പ്രകടനപത്രിക വായിക്കാന്‍ അദ്ദേഹം പിണറായിയോട് പറയണം. അങ്ങിനെയെങ്കിലും അദ്ദേഹം ചിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: