തിരുവനന്തപുരം: ബംഗാളില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന്റെ നയങ്ങളില്‍ മാറ്റമുണ്ടാക്കുമെന്ന് സിപിഐ ദേശീയനിര്‍വ്വാഹക സമിതിയംഗം ബിനോയ് വിശ്വം. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബംഗാളിലെ സഖ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അതില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല.
നിലവിലെ കോണ്‍ഗ്രസിന്റെ നയം മാറ്റാതെ ആ പാര്‍ട്ടിക്ക് രക്ഷപ്പെടാനാവില്ല. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തേണ്ടത് പൊതു ആവശ്യമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് സംഘടിപ്പിച്ച ‘വോട്ട് കാര്യം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ പൂട്ടിയതുകൊണ്ട് കേരളത്തില്‍ മദ്യലഭ്യത കുറഞ്ഞിട്ടില്ല. ഇതു പറയുന്നതിന്റെ പേരില്‍ എല്‍ഡിഎഫ് വന്നാല്‍ പൂട്ടിയബാറുകള്‍ തുറക്കുമെന്ന് ദുര്‍വ്യാഖ്യാനം നടത്തുന്നത് ശരിയല്ല. മദ്യനയത്തെക്കുറിച്ചുള്ള നിലപാട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയന്റെ നിലപാടിന് മറുപടിപറയാന്‍ താന്‍ ആളല്ല. ഇടതുമുന്നണി വിജയ്മല്ല്യയുടെ മുന്നണിയല്ല.തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം ദൃഢമാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇടതുമുന്നണിയെ ആരു നയിക്കുമെന്ന് തീരുമാനിക്കുന്നത്. വൈക്കത്ത് നിലവിലെ എംഎല്‍എ അജിത്തിന് സീറ്റ് നിഷേധിച്ചത് വിജയസാധ്യതയുള്ള ഒരു സീറ്റില്‍ വനിതാ പ്രതിനിധിയെ മത്സരിപ്പിക്കണം എന്ന തീരുമാനമുള്ളതുകൊണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: