തിരുവനന്തപുരം: എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കും എന്നു പറയുന്ന സിപിഎം ആദ്യം ശരിയാക്കുന്നത് വി.എസ്.അച്യൂതാനന്ദനെ ആയിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദനെ തരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക സമയത്ത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തലത്തിലേക്ക് അവരുടെ വിഭാഗീയതയെത്തിയെന്നും സുധീരന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത സിപിഎമ്മിന് എങ്ങനെയാണ് കേരളീയ സമൂഹത്തെ ഒന്നായി കാണാന്‍ സാധിക്കുകയെന്നും സുധീരന് പരിഹസിച്ചു.
സിപിഎമ്മില്‍ നിലനില്‍ക്കുന്ന അതിരൂക്ഷമായ പ്രതിസന്ധിയാണ് പിണറായിയുടെയും മറ്റ് നേതാക്കളുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. വിഎസ് പിണറായിക്ക് മറുപടിയുമായി വന്നതോടെ അതിന് കൂടുതല്‍ വ്യക്തത വന്നു. പിണറായി വിജയന്റെ പ്രസ്താവന വിവാദമായപ്പോള്‍ മാധ്യമങ്ങളുടെ മേല്‍ പഴിചാരി രക്ഷപെടാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് അദ്ദേഹത്തിന് കഴിയില്ല.
പിണറായി പറഞ്ഞത് മാധ്യമങ്ങളിലൂടെ ജനം കണ്ടതാണ്. അത് എല്ലാവര്ക്കും കൃത്യമായിട്ടറിയാം. ഇനി എന്തുപറഞ്ഞിട്ടും കാര്യമില്ലെന്നും സുധീരന് പറഞ്ഞു.
അസഹിഷ്ണുത വിഷയത്തില്‍ മോദിക്കെതിരെ പ്രസ്താവനകള്‍ നടത്തുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് ഇടയില്‍ നില്ക്കുന്ന അസഹിഷ്ണുത ഇല്ലാതാക്കാന്‍ പരിശ്രമിക്കുമോയെന്നും സുധീരന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: