ചേര്‍ത്തല: പട്ടണക്കാട് സഹകരണബാങ്കിലെ കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ മുന്‍ സെക്രട്ടറി ടി.വി. മണയപ്പനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
കേസിന്റെ തുടരന്വേഷണത്തിനും തെളിവുകള്‍ സമാഹരിക്കുന്നതിനും പ്രതിയെ കസ്റ്റഡിയില്‍വേണമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉദയഭാനു ചേര്‍ത്തല കോടതിയില്‍ വ്യാഴാഴ്ച അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ പരിഗണിച്ച കോടതി മണിയപ്പനെ വെള്ളിയാഴ്ച ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
പോലീസിന്റെ അപേക്ഷയില്‍ വെള്ളിയാഴ്ച കോടതി തീരുമാനം കൈക്കൊള്ളും. വ്യാജരേഖ ചമച്ചും കമ്പ്യുട്ടര്‍ രേഖകളില്‍ ക്രിത്രിമം കാട്ടിയും കോടികള്‍ തട്ടിയെന്നാണ് കേസ്.
ഒന്നാംപ്രതിയായ മണിയപ്പന്‍ ബുധനാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. വിശ്വാസവഞ്ചന, പണാപഹരണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
















