ന്യൂദല്‍ഹി: ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ നിര്‍ബന്ധമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മറച്ചുവെച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തില്‍ പഴിചാരി രക്ഷപെടാന്‍ ശ്രമിച്ചതെന്ന് വ്യക്തം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തി ഉടന്‍ തന്നെ 4 സ്റ്റാര്‍, 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിര്‍ബന്ധമാണെന്ന ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു.
2014 ആഗസ്ത് മുതലുള്ള പുതിയ കേന്ദ്ര നയം അനുസരിച്ച് 4 സ്റ്റാര്‍, 5 സ്റ്റാര്‍ ഹോട്ടലുകളെ ബാര്‍ ലൈസന്‍സ് ഉള്ളവ, ബാര്‍ ലൈസന്‍സ് ഇല്ലാത്തവ എന്നിങ്ങനെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പുതിയ നയം നടപ്പാക്കിയത്.
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ക്ലാസിക് ഹെറിറ്റേജ് എന്നീ വിഭാഗങ്ങളിലെ ഹോട്ടലുകളെ ബാര്‍ ലൈസന്‍സ് ഉള്ളവയും ഇല്ലാത്തവയുമായി തരം തിരിച്ചിട്ടുണ്ട്. അതായത് ഫോര്‍, ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ലൈസന്‍സ് നിര്‍ബന്ധമല്ലെന്ന് വ്യക്തം. എന്നിട്ടും ഫോര്‍സ്റ്റാറുകളെ ഫൈവ് സ്റ്റാറാക്കി ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന വാദം മുഖ്യമന്ത്രി ഉയര്‍ത്തിയത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതിയിലും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അസത്യപ്രസ്താവന നടത്തിയിരുന്നു. ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നിര്‍ബന്ധമല്ലെന്ന കേന്ദ്രഉത്തരവ് മറച്ചുവെച്ച് സംസ്ഥാന സര്‍ക്കാര്‍ ബാറുടമകളെ സഹായിച്ചിരുന്നു.
ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളുള്ള ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിക്കാന്‍ ബാര്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ധേശിയ്‌ക്കണം എന്നായിരുന്നു സുപ്രീംകോടതിക്ക് മുന്നിലെത്തിയ അപേക്ഷ. വിഷയത്തില്‍ മറുപടി അറിയിച്ച സംസ്ഥാനം ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ പദവി ലഭിക്കാന്‍ വേണമെന്നത് കേന്ദ്ര നയത്തിലെ നിബന്ധനയാണെന്ന് സുപ്രിംകോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കപില്‍ സിബലാണ് കേന്ദ്രഉത്തരവ് മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
















