കട്‌റ(ജമ്മു): എണ്‍പതുകോടി യുവാക്കളുള്ള ഭാരതം 21-ാം നൂറ്റാണ്ടെന്ന വിജ്ഞാനയുഗത്തിന്റെ അധിപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈഷ്‌ണോ ദേവി സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് വിജ്ഞാനത്തിന്റെ യുഗമാണ്, വിജ്ഞാന മേഖലയില്‍ എക്കാലത്തും ഭാരതമാണ് വഴികാട്ടി. 35 വയസില്‍ താഴെയുള്ള 80 കോടി യുവാക്കളുള്ള ഭാരതത്തിലെ ഓരോ യുവാക്കളുടെയും സ്വപ്‌നം രാജ്യത്തിന്റെ വികസനചരിതമായി മാറും, മോദി പറഞ്ഞു.
നിങ്ങളുടെ രക്ഷിതാക്കള്‍ എന്തുചെയ്തുവെന്ന് ചിന്തിക്കുക. അവര്‍ നിങ്ങള്‍ക്കു വേണ്ടി സ്വന്തം സുഖങ്ങള്‍ ത്യജിച്ചു. കുട്ടിക്കാലത്ത് നിങ്ങള്‍ പലതും ചിന്തിച്ചിട്ടുണ്ടാവും, ആഗ്രഹിച്ചിട്ടുണ്ടാവും. എല്ലാം സാധ്യമായിട്ടുണ്ടാവില്ല. അവയെല്ലാം മറക്കുക, ഇനി എന്ത് നേടാമെന്ന് ആലോചിക്കുക. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കാതെ ലക്ഷ്യമെന്തെന്നുകണ്ട് അതു നേടാനാകും, മോദി വിദ്യാര്‍ത്ഥികളോടു പറഞ്ഞു.
ഈ സര്‍വകലാശാല നിര്‍മ്മിച്ചത് വിദൂരങ്ങളില്‍ നിന്ന് ഇവിടെ എത്തിപ്പെട്ട അനേകലക്ഷം ഭക്തന്മാരുടെ സംഭാവനകൊണ്ടാണ്. അങ്ങനെ സംഭാവന ചെയ്ത ശുദ്ധരായ തീര്‍ത്ഥാടകര്‍ക്കു ചിലത് മടക്കി നല്‍കുമെന്ന് നമുക്ക് ശപഥം ചെയ്യാം. നമ്മുടെ രാജ്യം ഇന്ന് പുതിയ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. യുവജനങ്ങളുടെ വന്‍നിര കൊണ്ട് ഇതിനേക്കാളേറെ നമുക്കു നേടാനാകും. ഏന്തെങ്കിലും ആയിത്തീരാനല്ല, എന്തെങ്കിലും ചെയ്യാനാണ് നാം സ്വപ്‌നം കാണേണ്ടത്, മോദി വിശദീകരിച്ചു.

വൈഷ്‌ണോ ദേവി സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങ്, ജമ്മു കശ്മീര്‍ ഉപ മുഖ്യമന്ത്രി ഡോ. നിര്‍മല്‍ കുമാര്‍ സിങ് തുടങ്ങിയവര്‍ക്കൊപ്പം
ഈ സര്‍വകലാശാലയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റുള്ളവ നികുതിദായകരുടെ പണംകൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ ഇത് വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കുന്ന ശുദ്ധരായ ഭക്തരുടെ സംഭാവനകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് സംവിധാനങ്ങളും സൗകര്യങ്ങളും മാത്രം പോരാ, അര്‍പ്പണ ബോധംകൂടി വേണം, ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു.
ഈ സര്‍വകലാശാലയ്‌ക്ക തറക്കല്ലിട്ട, മിസൈല്‍ മാന്‍ എന്ന് അറിയപ്പെട്ടിരുന്ന ഡോ. കലാം, ഒരുകാലത്ത് ദിനപത്രം വിറ്റുനടന്ന കുട്ടിയായിരുന്നു. ബീഹാറിലെ ദര്‍ശന്‍ മാഞ്ജി എന്നയാള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തയാളാണ്, പക്ഷേ, അദ്ദേഹം സ്വപ്‌നം കണ്ട റോഡിന്റെ നിര്‍മ്മാണം സ്വയം ചെയ്തയാളാണ്, പ്രധാനമന്ത്രി കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍. എന്‍. വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തു.
















