മൂന്നാര്‍: വരയാടുകളുടെ ഉറവിടം തേടി അവയുടെ ക്യത്യമായ എണ്ണം കണ്ടെത്തുവാനായി നടക്കുന്ന കണക്കെടുപ്പ് ഇന്ന് അവസാനിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഡിഎന്‍എ സാമ്പിളടക്കം ശേഖരിച്ചാണ് ഇത്തവണ കണക്കെടുപ്പ് നടക്കുന്നത്. വരയാടുകളുടെ സാന്നിദ്ധ്യം സംസ്ഥാനത്ത് എവിടെയെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ അവിടെയെല്ലാം നേരിട്ടെത്തിയാണ് ഇത്തവണത്തെ കണക്കെടുപ്പ്.
മൂന്നാര്‍ വൈല്‍ഡ് ലൈഫിനാണ് ഇതിന്റെ പൂര്‍ണ്ണ ചുമതല. ഇതിനായി വരയാടുകളുടെ സാന്നിദ്ധ്യം കെണ്ടത്തിയ മേഖലയെ 34 സോണായി തിരിച്ചാണ് കണക്കെടുപ്പ്. ഒരോ സ്ഥലത്തും 5 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. നിലവില്‍ ഇരവികുളം ദേശീയോദ്യാനം, പാര്ക്കിന് ചുറ്റുമുള്ള മീശപ്പുലി മല, കുണ്ടലി, ഇടലിമുട്ടപ്പാറ, ചൊക്രമുടി, ദേവികുളം സൂര്യനെല്ലി മലനിരകള്‍, മറയൂരിലെ പോത്തടിമല. പാമ്പാടുംപാറ ചോല ദേശീയോദ്യാനം, അടിമാലിയിലെ വരയാട്ടുമുടി, തിരുവനന്തപുരത്തെ അഗസ്ത്യാര്‍ മല, പെരിയാര്‍ വന്യജീവി സങ്കേതം, ചിന്നാര്‍ വന്യജീവി സങ്കേത്തിലെ ഞണ്ടമല, മാങ്ങാപ്പാറ, കാശിമല, പറമ്പികുളം മേഖല, സൈലന്റ് വാലി തുടങ്ങി ഇടങ്ങളിലാണ് സംഘമായി തിരിഞ്ഞ് ഉദ്യോഗസ്ഥര്‍ കണക്കെടുപ്പ് നടത്തുന്നത്.
98 ശതമാനവും കൃത്യമായ കണക്കെടുക്കുന്നതിനാണ് ഇത്തരത്തില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരയാടുകളുടെ വാസ സ്ഥലത്തെത്തി വിസര്‍ജ്യത്തില്‍ നിന്നും അവയുടെ ഡിഎന്‍എ ശേഖരിക്കും ഇതിലൂടെ ഇവയ്ക്ക് ഉണ്ടായ ജനിതക മാറ്റം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്താനുമാകും. കഴിക്കുന്ന ഭക്ഷണം, രൂപത്തിലുള്ള മാറ്റം, വലിപ്പം, കൊമ്പുകള്‍ തുടങ്ങിയവ എല്ലാം പഠനവിധേയമാക്കും. പശ്ചിമഘട്ടത്തില്‍ ആഫ്രിക്കന്‍ വരയാടുകളെയും ധാരാളമായി കണ്ടു വരുന്നുണ്ട്. ഇവ എങ്ങനെ ഇവിടെ എത്തി തുടങ്ങിയവയും പഠനവിധേയമാക്കുന്നുണ്ട്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കണക്കെടുപ്പ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കണക്കെടുപ്പിന് ശേഷം 21 ന് സംഘം മൂന്നാറില്‍ യോഗം ചേരുന്നുണ്ട്. ഇതില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി ഡിഎന്‍എ സാമ്പിളുകള്‍ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് കൈമാറും. വരുന്ന വര്‍ഷം സംസ്ഥാനത്തിനു പുറത്തേക്കും കണക്കെടുപ്പ് വ്യാപിപ്പിക്കാന്‍ ആലോചന നടക്കുന്നുണ്ട്.
ഏറ്റവും അധികം വരയാടുകളുള്ള ഇരവികുളത്ത് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത് 900 വരയാടുകളായിരുന്നു. രണ്ട് ആഴ്ചക്കുള്ളില്‍ ഈ വര്‍ഷത്തെ കൃത്യമായ കണക്ക് പുറവിടുമെന്ന് മൂന്നാര്‍ വന്യജീവി സങ്കേത്തിലെ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: