ന്യൂദല്‍ഹി: പൊതുസ്ഥലങ്ങളിലും റോഡുകളിലും അനധികൃതമായി നിര്‍മ്മിച്ച മതപരമായ സ്ഥാപനങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഫയല്‍ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പൊതുസ്ഥലങ്ങളിലും റോഡുകളിലും അനധികൃതമായി നിര്‍മ്മിച്ച പ്രാര്‍ത്ഥനാലയങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2006ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യുവാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുവാന്‍ ആവില്ലെന്ന് ജസ്റ്റീസ് വി. ഗോപാല്‍ ഗൗഡ, ജസ്റ്റീസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസ് മെയ് രണ്ടാം ആഴ്ചയിലേയ്‌ക്ക് പോസ്റ്റ് ചെയ്തു.
















