ആലപ്പുഴ: ജില്ലയിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ സംവാദം നടത്താന്‍ എന്‍ഡിഎ ജില്ലാ നേതൃത്വം തീരുമാനിച്ചു. പൊതുസമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ് സംവാദത്തില്‍ ഉയര്‍ന്നത്.പഞ്ചായത്ത് തലത്തില്‍ നടത്തുന്ന സംവാദങ്ങള്‍ക്ക് വിവിധങ്ങളായ പേരുകളാണ് തീരുമാനിച്ചത്.സംഭാര സംവാദം, പായസ സംവാദം, കക്കയിറച്ചി സംവാദം, കരിക്ക് സംവാദം, ഗ്രീന്‍ടീ സംവാദം ഇങ്ങനെ നിരവധി സംവാദങ്ങളാണ് ജില്ലയില്‍ പഞ്ചായത്ത് തലത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ചൊവ്വാഴ്‌ച്ച മുതല്‍ ജില്ലയില്‍ സംവാദങ്ങള്‍ക്ക് തുടക്കമായി. സംഭാര സംവാദമാണ് ആദ്യം തുടങ്ങിയത്. യുവമോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായ അനുരാഗ് താക്കൂറാണ് ഉദ്ഘാടനം ചെയ്തത്. സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ പഞ്ചായത്തിലും തീരുമാനിച്ചിട്ടുള്ള വിഭവങ്ങള്‍ വിതരണം ചെയ്തു കൊണ്ടായിരിക്കും സംവാദം ആരംഭിക്കുക. ഓരോ സംവാദത്തില്‍ വിതരണം ചെയ്യുന്ന പ്രകൃതിദത്തമായ വിഭവങ്ങളുടെ പ്രസക്തിയും സംവാദത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു.
















