അറിവിന്നുറവായെങ്ങോ നിന്നെന്‍
ബോധാബോധതലങ്ങളിലൂറി
പ്പടരുവതേതൊരു കാരുണ്യത്തി
ന്നമൃതസ്രോതസ്സമ്മേ,നിന്‍ തിരു-
ഹൃദയവിപഞ്ചിയിലുണരും നാദ
ശ്രുതിലയതാളച്ചാറ്റില്‍ ഭുവനം
അവികലരാഗപരാഗ പ്രഭയുടെ
തിരികള്‍കൊളുത്തിടുമമൃതകുടീരം!
അവിടുന്നെന്നെ തഴുകിയുറക്കി
യുണര്‍ത്തി പ്രാണനിലാത്മോത്കര്‍ഷ
പ്രണവം തൂളി വളര്‍ത്തി പ്രകൃതിയി
ലോരോനോക്കും വാക്കും കര്‍മ്മവും
അഖിലചരാചരസൗഭ്രാത്രത്തി
ന്നനഘാമന്ത്രണപുണ്യം പൂക്കും
കലയായ് ജീവിത മധുകാവൃത്തി
ന്നലയായ് മുത്തിയുണര്‍ത്തുവതാരേ…
മമതാബന്ധമറുത്തിടര്‍ നീക്കി
ക്കനിവാര്‍ന്നന്തക്കരണ വിശുദ്ധിയൊ-
ടമരും ധ്യാനോത്മീലിത ദീപ്തിയി
ലഴകായ്‌ത്തീരും വാഴവിനു മിഴിവായ്
വിമലാചാര പരായണ ഭാവ
പ്രഭയിലഹന്തയശേഷമകറ്റി
പ്രേമാനന്ദ മഹോത്സവഘോഷ
പ്പൊന്‍കൊടിയുള്ളിലുയര്‍ത്തുവതാരേ…
എല്ലാമമ്മേ! തവസര്‍ഗ്ഗാമൃത
ഭാവവിഡംബനമെന്നതിരിച്ചറി-
വല്ലോജന്മംസാര്‍ത്ഥകമാക്കുവ
തച്ചേവടികളിലലിയും നേരം
അല്ലും പകലും ദളപുടമായി
ക്കൊഴിയും കാല മഹാവൃക്ഷത്തിന്‍
ചില്ലകള്‍ പൂത്തു തളിര്‍ത്തതില്‍ നി-
ന്നുറവാര്‍ന്നീടുന്നോ സ്‌നേഹമരന്ദം!
അമ്പലപ്പുഴ ഗോപകുമാര്‍
















