ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹാന്‍ഡ്‌വാഡയില്‍ പതിനാറുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹിലാല്‍ അഹമ്മദ് ബാണ്ഡെയാണ് ഇന്നലെ രാത്രിയില്‍ പോലീസ് പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
ഈ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി കശ്മീരില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടിയെ സൈനികരാണ് ഉപദ്രവിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്.
ഏപ്രില്‍ 12ന് സ്‌കൂളില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വരികയായിരുന്ന പെണ്‍കുട്ടി ഹാന്ത്‌വാരയിലുള്ള ഒരു പൊതു ശൗചാലയത്തില്‍ കയറി. തുടര്‍ന്ന് പുറത്തേക്ക് വന്ന കുട്ടിയെ രണ്ടു ആണ്‍കുട്ടികള്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയും ഉപദ്രവിക്കുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
സൈനികരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. തുടര്‍ന്ന് ഹാന്‍ഡ്‌വാഡ, കുപ്‌വാര പ്രദേശങ്ങളില്‍ സൈനികര്‍ക്കും പൊലീസിനുംനേരെ ആക്രമണമുണ്ടായി. തുടര്‍ന്നു സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും അക്രമം പടര്‍ന്നു. ഈ സംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.
സൈനികരല്ല യുവാക്കളാണ് ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ പിന്നീട് മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ മൊഴിയില്‍ പറയുന്ന രണ്ടാമത്തെയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ രണ്ടു ആണ്‍കുട്ടികളിലൊരാളുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു എന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ രണ്ടാമത്തെ കുട്ടിയെ കൂടി പിടികൂടിയാല്‍ മാത്രമേ കേസ് പൂര്‍ണമായി തെളിയിക്കാന്‍ കഴിയുള്ളു എന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ഹാന്ത്‌വാരയിലെയും പരിസരപ്രദേശങ്ങളിലെയും നിരോധനം ഇപ്പോഴും തുടരുകയാണ്. ജനങ്ങളോട് സമാധാനം പുനസ്ഥാപിക്കണമെന്നും ഹാന്ത്‌വാരയിലും കുപ്പ്‌വാരയിലും നടന്ന കലാപങ്ങളുടെ ഉത്തരവാദികള്‍ക്ക് കഠിനമായ ശിക്ഷനല്‍കുമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അറിയിച്ചു.
















