ന്യൂദല്‍ഹി: മുത്തലാഖിനെതിരെ ഷായറാ ബാനു നല്കിയ പരാതിയെ കോടതിയില്‍ എതിര്‍ക്കാന്‍ ഓള് ഇന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു. മുസ്ലിം വനിതാ വ്യക്തിനിയമ ബോര്‍ഡ് മുത്തലാക്കിനെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തില്‍ മുസ്ലിംസംഘടനകളിലെ ഭിന്നത പരസ്യമായി. മുത്തലാക്ക് അനിസ്ലാമികമാണെന്നാണ് വനിതാ വ്യക്തിനിയമബോര്‍ഡിന്റെ നിലപാട്. ഇതോടെ 1980കളെ പ്രക്ഷുബ്ദമാക്കിയ ഷാബാനു കേസിന്റെ സമാനമായൊരു സാഹചര്യത്തിന് വഴിയൊരുങ്ങി.
മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സ്വദേശിനിയായ ഷായറാ ബാനുനു നല്കിയ പരാതി സുപ്രീം കോടതി കഴിഞ്ഞ മാസം പരിഗണനയ്ക്കെടുത്തിരുന്നു. മുസ്ലിം വനിതകളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് പരമോന്നത കോടതി സ്വമേധയാ നടപടികള്‍ സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കേസില്‍ കക്ഷി ചേരാന്‍ മുന്നോട്ട് വന്നത്. ഇതിനായി കോടതിയെ സമീപിക്കുമെന്നും അനുകൂലമായ തീരുമാനം കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും അഭിഭാഷകന് സഫര്യാബ് ജിലാനി പറഞ്ഞു.
കോടതികള്‍ വഴി ശരിയത്ത് നിയമത്തില്‍ കൈകടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ശനിയാഴ്ച്ച ലക്നൗവില്‍ ആരോപിച്ചിരുന്നു. കേസില്‍ ഇടപെടാതെ മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോന്ന നയം പിന്തുടരാന് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം കേസിന്റെ ശക്തമായ നടത്തിപ്പിനുവേണ്ടി മികച്ച അഭിഭാഷകരെ തന്നെ സുപ്രീം കോടതിയില്‍ നിയോഗിക്കുമെന്ന് ഹൈദരാബാദ് എംപി അസസ്സുദ്ദീന് ഒവൈസി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
1985 ല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട 62കാരിയായ ഷാബാനുനു ജീവനാംശം ആവശ്യപ്പെട്ട് നല്കിയ പരാതിയിന്മേല് സുപ്രീം കോടതി അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. പക്ഷെ തീവ്ര ഇസ്ലാമിക വിഭാഗങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത വിധിയെ മറികടക്കാന്‍ വിവാദമായ മുസ്ലിം വനിത നിയമം1986ല്‍ പാസാക്കി. സുപ്രീം കോടതി വിധിയുടെ അന്തസത്ത ചോര്‍ത്തി കളഞ്ഞ ഈ നിയമമാണ് വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകളെ ജീവനാംശത്തിന് അര്‍ഹതയില്ലാത്തവരായി മാറ്റിയത്.
















