സേതു ബന്ധനത്തിന് ശ്രീരാമന്റെ കല്പന കേള്‍ക്കേണ്ട താമസം വാനരപ്പട ഉത്സാഹത്തോടെ വനങ്ങളിലേക്കു പാഞ്ഞു. വന്‍മരങ്ങള്‍ ഒടിച്ചെടുത്തും വലിച്ച് പിഴുതും സമുദ്രതീരത്തേക്കു കൊണ്ടുപോയി. നളന്റെ മേല്‍നോട്ടത്തില്‍ സമുദ്രത്തില്‍ നിക്ഷേപിച്ചിട്ടുള്ള മരങ്ങള്‍ക്കിടയില്‍ കല്ലും മണ്ണും നിറച്ചു. പൈന്‍, അശ്വകര്‍ണം, കരിങ്ങാലി, കുടകപ്പാല, അര്‍ജ്ജുനം, പന, മയിലെള്ള്, കാര, കൂവളം, തെങ്ങ്, താന്നി, ഇലഞ്ഞി, വേപ്പ്, ഏഴിലംപാല, കൊന്ന, മാവ്, അശോകം തുടങ്ങിയ വൃക്ഷങ്ങള്‍ വേരോടെയോ, വേരില്ലാതെയോ കടലില്‍തള്ളി. തൊട്ടടുത്തെങ്ങും പാറകളില്ല. ദൂരെയുള്ള പര്‍വതങ്ങള്‍ പൊട്ടിച്ച് വലിയ പാറക്കഷണങ്ങളും ചെറുപര്‍വതങ്ങളും കൊണ്ടുവന്നു.
അവയും കടലില്‍ നിക്ഷേപിച്ചു. പാറകള്‍ വെള്ളത്തില്‍ വീണപ്പോള്‍ ജലം ആകാശത്തോളം ഉയര്‍ന്നു. ചില വാനരന്മാര്‍ നൂലുപിടിച്ചു. ചിലര്‍ വടികളുമായി നടന്ന് അളവെടുത്തു. ചിലര്‍ പരിശോധന നടത്തിക്കൊണ്ടിരുന്നു. ആദ്യദിവസം പതിന്നാലു യോജന ദൂരം അണകെട്ടി. രണ്ടാംദിവസം ഇരുപതുയോജനയും മൂന്നാംദിനം ഇരുപത്തിയൊന്നു യോജനയും കെട്ടി. നാലാംനാള്‍ ഇരുപത്തിരണ്ടും അഞ്ചാംദിനം ഇരുപത്തിമൂന്നുയോജന ദൂരവും നിര്‍മ്മിച്ചു. അങ്ങനെ അഞ്ചുനാള്‍കൊണ്ട് നൂറുയോജന നീളവും പത്തുയോജന വീതിയുമുള്ള രാമസേതു നിര്‍മ്മാണം നളന്‍ പൂര്‍ത്തിയാക്കി.
















