ന്യൂദല്‍ഹി: ഭാരതം തദ്ദേശിയമായി നിര്‍മ്മിച്ച ‘ദേശി ബോഫോഴ്സ്’ എന്നറിയപ്പെടുന്ന ആദ്യത്തെ ധനുഷ് പീരങ്കി തോക്ക് കരസേനയ്ക്ക് സ്വന്തമാകുന്നു. പനവേലില്‍ നടന്ന വിമുക്ത ഭടന്മാരുടെ സമ്മേളനത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബോഫോഴ്സ് തോക്കുകള്‍ സൈന്യത്തിന് 1984ല്‍ നല്കിയ ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അതേ തരത്തിലുള്ള പീരങ്കി തോക്കുകള്‍ സൈന്യത്തിന് നല്‍കുന്നത്.
38 കിലോമീറ്റര്‍ വരെ ലക്ഷ്യം ഭേദിക്കുന്ന ധനുഷ് പീരങ്കി തോക്ക് കൊല്‍ക്കത്തിയിലെ ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡിലാണ് (ഒഎഫ്ബി) നിര്‍മ്മിച്ചത്. ധനുഷ് പീരങ്കി തോക്കുകള്‍ അടുത്തമാസം സൈന്യത്തിന് കൈമാറും. പീരങ്കി തോക്കിന്റെ പരീക്ഷണങ്ങള്‍ നടന്നുവരികയായിരുന്നു. ബോഫോഴ്സ് ആയുധമിടപാടിലെ കരാറനുസരിച്ച് സാങ്കേതിക വിദ്യ കൈമാറിയിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്ത് ഒഎഫ്ബി നിര്‍മ്മിച്ച സ്പെയര്‍ പാര്‍ട്സുകള്‍ ബോഫേഴ്സ് തോക്കുകള്‍ക്ക് ഉപയോഗിച്ചിരുന്നു. പാക് അതിര്‍ത്തിയിലെ മരുപ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള തോക്ക് അടുത്ത നാലുമാസത്തിനുള്ളില്‍ എല്‍ആന്‍ഡ്ടി വികസിപ്പിക്കും.
സൈന്യത്തിന് പീരങ്കി തോക്കുകളുടെ ദൗര്‍ലഭ്യമുണ്ട്. ഇത് രണ്ടുമൂന്ന് വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്നും പരീക്കര്‍ പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുത്തുകയെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കാതെ നടപടിയെടുക്കുവാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുണ്ട്. നമ്മുടെ സുരക്ഷാ സൈനികരുടെ ജീവന് വളരെ വിലപ്പെട്ടതാണെന്നും പരീക്കര്‍ പറഞ്ഞു. പത്താന്‍കോട്ട് നടന്നത് ഒരുതരത്തിലുള്ള യുദ്ധമായിരുന്നു. അതിനനുസരിച്ചുള്ള മറുപടി നല്‍കും. അത് എപ്പോള്‍, എവിടെ, എങ്ങനെയോ ആകാമെന്നും മന്ത്രി പറഞ്ഞു.
















