വടശേരിക്കര: മലയോര മേഖലകളിലെ രോഗികള്‍ ഞായറാഴ്ചകളില്‍ ആതുര സേവനം ലഭിക്കാതെ നട്ടം തിരിയുന്നു. സീതത്തോട് ഗവിക്കും പത്തനംതിട്ട ജനറല്‍ ആശുപത്രിക്കും ഇടയില്‍ 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കേണ്ട ഏക ആശുപത്രിയാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. ഞായറാഴ്ച ദിവസം ആശുപത്രി പൂര്‍ണമായും പ്രവര്‍ത്തന രഹിതമാണ്. സാധാരണ ദിവസങ്ങളില്‍ മുന്നൂറിനു മുകളില്‍ രോഗികള്‍ എത്തുന്ന ആശുപത്രിയാണിത്. എട്ട് ഡോക്ടര്‍ മാരുടെയെങ്കിലും സേവനം ലഭിക്കേണ്ടിടത്ത് അഞ്ച് ഡോക്ടര്‍ മാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അതില്‍ 2 പേരാണ് ഡ്യൂട്ടിയിലുള്ളത്. ഒരാള്‍ സ്ഥലം മാറി പോയി. മറ്റു രണ്ട് പേര് വര്‍ക്കിംഗ് അറൈഞ്ചുമെന്റിലാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമാണ്. ബുധന്‍ മുതല്‍ വെള്ളി വരെ പകല്‍ രണ്ട് മണി വരെ മാത്രമേ ഡോക്ടര്‍ മാരുള്ളൂ. ശനിയാഴ്ച ദിവസം ഡോക്ടറുടെ സേവനം ഉറപ്പു വരുത്താന്‍ കഴിയില്ല. ഞായറാഴ്ച പൂര്‍ണ അവധി.
ഒന്‍പതു രോഗികളെ കിടത്തി ചികില്‍സിക്കുന്നതായി രജിസ്റ്ററില്‍ രേഖപെടുത്തിയിരിക്കുന്നു. എന്നാല്‍ ഒരു രോഗി മാത്രമാണ് കിടക്കയിലുള്ളത്. ബാക്കി ഉള്ളവരെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ വന്നും പോയി ചികില്സിക്കുകയാനെന്നു ജീവനക്കാര്‍ പറയുന്നു. അതില്‍ നാല് പേരെ ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്തതായും കാണുന്നു. ഡോക്ടര്‍ ഇല്ലാതിരുന്നിട്ടും രോഗികളെ ഡിസ്ചാര്‍ജ് ചെയ്തത് ആരാണെന്നതിനു ജീവനക്കാര്‍ക്ക് ഉത്തരമില്ല.
പേപ്പട്ടി വിഷ ബാധ പോലുള്ള രോഗികള്‍ക്ക് ഇടതടവില്ലാത്ത ചികിത്സ ആവശ്യമാണ്. ഞായറാഴ്ച ദിവസങ്ങളിലെ അവധി ഇത്തരം രോഗികളെ വല്ലാതെ വലയ്ക്കുന്നു. ഡോകടര്മാരില്ലെന്നത് മനസിലാക്കാതെ ധാരാളം രോഗികളാണ് ഞായറാഴ്ച ദിവസങ്ങളില്‍ വന്നു പോകുന്നത്. വിഷുക്കാലത്ത് ശബരി മല നട തുറന്നതിനാല്‍ നൂറു കണക്കിന് അയ്യപ്പന് മാരാണ് പെരുനാട്ടില്‍ തമ്പടിക്കുന്നത്. ഞായറാഴ്ച മെഡിക്കല്‍ സ്റോറുകള്‍ പോലും തുറക്കാത്തത് കടുത്ത മാനുഷിക പീഡ നമാണെന്ന് നാട്ടുകാരും പറയുന്നു. ആയിരക്കണക്കിന് ആള്ക്കാര് വന്നു പോകുന്ന സ്ഥലത്ത് ആതുര സേവനം ലഭ്യമാക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കരുതപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: