ഭുവനേശ്വര്‍: കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും സംയുക്ത പങ്കാളിത്തത്തില്‍ പുതിയ റെയില്‍വേ പദ്ധതികള്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. രണ്ടുദിവസത്തെ ഒഡീഷ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.
കേന്ദ്രം പുതിയതായി ആരംഭിച്ച ഗതിമാന്‍ എക്‌സ്പ്രസ്സ് വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പുത്തന്‍ പദ്ധതികള്‍ ഇനിയും ആവിഷ്‌കരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
റെയില്‍വേയുടെ വികസനത്തിനായി മന്ത്രാലയം എല്ലാവിധ സഹായങ്ങളും നല്‍കുന്നതാണ്. പുത്തന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും അത് ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക യൂണിറ്റിനെ വികസിപ്പിച്ചെടുക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നുണ്ട്. റെയില്‍വേയുടെ വളര്‍ച്ചയ്‌ക്കായി സാധാരണക്കാരുടെ അഭിപ്രായങ്ങളും തേടുന്നതാണ്. മാസത്തില്‍ ഒരിക്കല്‍ വീതം ഇവയില്‍ ഏറ്റവും മികച്ചത് നടപ്പിലാക്കാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്. റെയില്‍വേ വികസനത്തിനായി മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് കുടുതല്‍ തുക എന്‍ഡിഎ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
















