കൊല്‍ക്കത്ത: നാരദ ഒളിക്യാമറ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ എംപിമാരും എംഎല്‍എമാരും കുടുങ്ങിയതിനുപിന്നില്‍ വിദേശ പണമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് മമത ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
നാരദ വിവാദം രാഷ്‌ട്രീയ ശത്രുക്കളുടെ ഗൂഢാലോചനയുടെ ഫലമാണ്. എവിടെ നിന്നാണ് ഇത്തരത്തില്‍ വിദേശ പണം സംസ്ഥാനത്തേയ്‌ക്ക് ഒഴുകുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സത്യനാരായണ പാര്‍ക്കില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ മമത ആവശ്യപ്പെട്ടു.
ബിജെപി, കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് സ്റ്റിങ്ങ് ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒളിക്യാമറ ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെത് പുറത്തുകൊണ്ടുവരേണ്ടതാണ്. തെരഞ്ഞെടുപ്പിനുശേഷം ഒളിക്യാമറ ഓപ്പറേഷനില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും.
ജേര്‍ണലിസ്റ്റ് മാത്യു സാമുവല്‍ നടത്തുന്നതാണ് നാരദ ന്യൂസ് വെബ് പോര്‍ട്ടല്‍. മാര്‍ച്ചിലാണ് ഇതിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ഒളിക്യാമറ ഓപ്പറേഷനിലൂടെ തൃണമൂല്‍ എംപിമാരും എംഎല്‍എമാരും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് വെബ് പോര്‍ട്ടലിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇയാള്‍ക്ക് ഇത്രയും പണം എവിടുന്നു കിട്ടി എന്നതു സംബന്ധിച്ച് വിവാദങ്ങള്‍ ഇപ്പോഴും സംസ്ഥാനത്ത് പുകയുകയാണ്.
ടിഎംസിയുടെ എംപിമാരും എംഎല്‍എമാരുമടക്കം 14 നേതാക്കള്‍ വിവാദകമ്പനിയുടെ പ്രതിനിധികളില്‍നിന്നും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരദാ ന്യൂസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഈ വാര്‍ത്ത വ്യാജമാണെന്ന നിലപാട് സ്വീകരിച്ചെങ്കിലും ലോക്സഭ വിഷയം എത്തിക്സ് കമ്മറ്റിക്ക് കൈമാറി. തുടര്‍ന്ന് കഴിഞ്ഞയാഴ്ച എത്തിക്സ് കമ്മിറ്റി കുറ്റാരോപിതരായ അഞ്ച് എംപിമാരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അന്വേഷണം നടത്താമെന്നായിരുന്നു ടിഎംസിയുടെ നിലപാട്. പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
















