കൊല്ലം: പരവൂര്‍ ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറികടന്ന് കരാറുകാരന്‍ സുരേന്ദ്രന്‍ കരിമരുന്നുമായി എത്തിയതാണ് പരവൂര്‍ വെടിക്കെട്ട് ദുരന്തമാക്കിയതെന്ന് ക്രൈംബ്രാഞ്ചിനു മൊഴി.
ക്ഷേത്രം ഭാരവാഹികളായ ഏഴു പ്രതികളുടെ മൊഴികളിലും ഇക്കാര്യം പറയുന്നു. മത്സരവെടിക്കെട്ടിന് അനുമതിയില്ലെന്നും കരിമരുന്ന് തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന്‍ തയ്യാറായില്ലെന്നുമാണു പ്രതികളുടെ മൊഴി. പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരം ഒഴിവാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികളായ ഏഴ് ക്ഷേത്ര ഭാരവാഹികളും ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു. മത്സരക്കമ്പമാണ് ലക്ഷ്യമിട്ടതെങ്കിലും നിരോധനത്തിന് ശേഷം ആചാരവെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് മത്സരിക്കാനെത്തിയ സുരേന്ദ്രനോട് വെടിമരുന്നിന്റെ പണം തരാമെന്നും സാധനങ്ങള്‍ തിരികെയെടുക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ വിജയിയായ വര്‍ക്കല കൃഷ്ണന്‍ കുട്ടിയെക്കൊണ്ട് ആചാരവെടിക്കെട്ട് നടത്താനും ദേവസ്വം തീരുമാനിച്ചു.
എന്നാല്‍ വാങ്ങിയ വെടിമരുന്ന് നശിപ്പിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം ഇതും പൊട്ടിക്കുമെന്നും സുരേന്ദ്രന്‍ വാശി പിടിച്ചു. തുടര്‍ന്ന് വെടിക്കെട്ട് മത്സരമായി മാറുകയും ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ മൊഴി. കൃഷ്ണന്‍കുട്ടിയുടെ കമ്പത്തിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ കമ്പമാരംഭിച്ചത്. ഉടന്‍ തന്നെ കമ്പപ്പുരയ്‌ക്ക് തീപിടിച്ചത് വലിയ ദുരന്തമായി മാറിയെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന മൊഴി. മല്‍സരവെടിക്കെട്ടില്‍ നിന്ന് പിന്‍മാറാന്‍ ഒരു കരാറുകാരന്‍ തയ്യാറാകാത്തത് പോലീസിനെ അറിയിച്ചില്ലെന്നത് ഗുരുതരവീഴ്ചയായി കണക്കാക്കും.
















