അമ്പലപ്പുഴ: തെരഞ്ഞെടുപ്പുകളില്‍ വാഗ്ദാനം മാത്രം. കാല്‍ നൂറ്റാണ്ടായിട്ടും പുറക്കാട് ഗാന്ധി സ്മൃതിവനം പദ്ധതി കടലാസില്‍ ഒതുങ്ങി. ആയിരക്കണക്കിന് കര്‍ഷക തൊഴിലാളികളെ കണ്ണീരിലാഴ്‌ത്തിയാണ് ഇടതു വലതു മുന്നണികള്‍ ഗാന്ധി സ്മൃതി വനത്തിന്റെ പേരില്‍ 650 ഏക്കര്‍ വിസ്തൃതിയുള്ള പുറക്കാട് മണയ്‌ക്കല്‍ പാടശേഖരത്തെ നശിപ്പിച്ചത്. നൂറുമേനി വിളവു നല്‍കിയിരുന്ന പാടശേഖരം കേന്ദ്രവും സംസ്ഥാനവും ഭരിച്ച കോണ്‍ഗ്രസുകാരാണ് മഹാത്മാഗാന്ധിയുടെ പേരില്‍ വൃക്ഷത്തൈ നട്ട് വനമാക്കുന്നുവെന്ന പേരില്‍ പിടിച്ചെടുത്തത്.
കര്‍ഷകരുടെ എതിര്‍പ്പിനെമറികടന്നായിരുന്നു നടപടി. അന്നത്തെ എംപി ആഞ്ചലോസും എംഎല്‍എ സി.കെ. സദാശിവനും അന്നത്തെ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റും ഇന്നത്തെ എംഎല്‍എയുമായ ജി. സുധാകരനും ഇത് കണ്ടില്ലെന്ന് നടിച്ചു. പഞ്ചായത്തിന്റെ ഭരണം സിപിഐയ്‌ക്കായിരുന്നു. എന്നിട്ടും കര്‍ഷക സ്‌നേഹം പറഞ്ഞ് സമരങ്ങള്‍ വിജയിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ മുന്നില്‍ കൃഷിഭൂമി കോണ്‍ഗ്രസ് സര്‍ക്കാര്‍ പിടിച്ചെടുത്തു.
പുറക്കാട് പഞ്ചായത്തില്‍ത്തന്നെ കൊട്ടാരവളവ് പ്രദേശത്ത് ഏക്കറുകണക്കിന് തരിശുഭൂമി കിടക്കുമ്പോഴാണ് നെല്ല് സമൃദ്ധിയായി വിളഞ്ഞിരുന്ന കൃഷിഭൂമി ഏറ്റെടുത്തത്. ഇതിനുശേഷം നിരവധി വാഗ്ദാനങ്ങളാണ് ഇടതു വലതു മുന്നണികള്‍ ഇവിടെ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പുന്തല എസ്എന്‍ഡിപി ഹാളില്‍ അന്നത്തെ പോളിറ്റ് ബ്യൂറോഅംഗം വി.എസ്. അച്യുതാനന്ദന്‍ മണയ്‌ക്കല്‍ പാടത്തല്‍ വീണ്ടും നെല്‍വിത്ത് വിളയുമെന്ന് പ്രഖ്യാപിച്ച് വോട്ടുപിടിക്കുകയും പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ ഐടി പാര്‍ക്കിന് കല്ലിടുകയുമായിരുന്നു. ഇതിനായി ആറേക്കര്‍ ഭൂമി ഡ്രഡ്ജ് ചെയ്ത് നികത്തുകയും ഇതില്‍ ഏഴ് ഐലന്റ് സ്ഥാപിച്ച് ഏഴ് പ്രോജക്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാല്‍ ഐടി മേഖല പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ആറേക്കര്‍ നികത്തി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ പാഴാക്കിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.
തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടെ ഹോളണ്ട് മോഡല്‍ കൃഷിക്കായി പ്രത്യേകം പഠന കേന്ദ്രം സ്ഥാപിക്കുമെന്നും ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ച് ജങ്ങളെ വീണ്ടും വിഡ്ഢികളാക്കി. ഇത്തരം പ്രഖ്യാപനങ്ങളില്‍ കണ്ണീരു കുടിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് പദ്ധതി പ്രദേശത്ത് കഴിയുന്നത്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന നിരവധി ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. പദ്ധതി നടപ്പാകാത്തതുമൂലം നാലുവശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പാടശേഖരത്തിനുള്ളില്‍ നിരവധി കുടുംബങ്ങളാണ് കരയ്‌ക്കെത്താന്‍ വള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നത്.
നിരവധി പേര്‍ പാമ്പുകടിയേറ്റു മരിച്ച സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്നത് തുടര്‍ക്കഥയായതിനാല്‍ ഇപ്രാവശ്യം തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇരുമുന്നണികളും സ്മൃതിവനത്തെ ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല.
















