ചങ്ങനാശ്ശേരി: അഞ്ഞൂറുരൂപയുടെ 30 കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. പത്തനംതിട്ട ആഞ്ഞിലിത്താനം പരുത്തിക്കാട്ടു വീട്ടില്‍ ജയപ്രകാശ്(ആഞ്ഞിലിത്താനം ജയന്‍-55) ആണ് പോലീസ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു.കോട്ടയം സ്വദേശി അരുണ്‍ എന്നയാള്‍ക്ക് രണ്ടു ലക്ഷത്തിനു പകരമായി നാലുലക്ഷം രൂപയുടെ കള്ളനോട്ടു നല്‍കാമെന്നു വിശ്വസിപ്പിച്ച് സാമ്പിള്‍ നോട്ടുകാണാന്‍ പാലാത്രച്ചറയിലെ ബിയര്‍-വൈന്‍പാര്‍ലറില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു.വിവരം അറിഞ്ഞ് പാലാത്രച്ചിറയില്‍ കാത്തുനിന്ന ഡിവൈഎസ്പി കെ ശ്രീകുമാര്‍,സി ഐ സഖറിയാ മാത്യൂ,എസ് ഐ സിബി തോമസ്,എഎസ്‌ഐ മാരായ കെ കെ റെജി,ടോം ജോസഫ്,സിബിച്ചന്‍ ജോസഫ്,മുരുകന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. കര്‍ണാടകയിലെ ഹൊസൂറിലുള്ള രമേശ് എന്നയാളില്‍ നിന്നും 20000 രൂപയുടെ കള്ളനോട്ടുകള്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്കു വിതരണം ചെയ്തുവരികയായിരുന്നു. അയ്യായിരം രൂപയുടെ നല്ലനോട്ടിനു പകരമായി പതിനായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇയാള്‍ വിതരണം ചെയ്തിരുന്നത്. സാമ്പിള്‍ നോട്ടുകള്‍ കാണിച്ച് ഒന്നുമുതല്‍ അഞ്ചുലക്ഷം രൂപാവരെ കൊടുത്തിരുന്നതായി പോലീസിനോട് ഇയാള്‍ പറഞ്ഞു. തൃശ്ശൂര്‍,തിരുവല്ലാ, തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ കള്ളനോട്ടു കേസിലെ പ്രതിയാണ് പിടിയിലായ ജയപ്രകാശ്.കോട്ടയത്തെ ഒരു പ്രധാന വാഹനമോഷണകേസിലെ പ്രതിയുമാണ്.
















