മുണ്ടക്കയം: ഇടതുപക്ഷ പാര്‍ട്ടികള്‍ കേരളത്തില്‍ വര്‍ഗീയസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നതായി ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പൂഞ്ഞാര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍ ഉല്ലാസിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമ്പോള്‍ ഒരു വിഭാഗം ഇവിടെ ഒറ്റപ്പെടുന്നു. ഇവരെപ്പറ്റി സര്‍ക്കാര്‍ ചിന്തിക്കുന്നുപോലുമില്ല. കേരളത്തില്‍ സാമൂഹ്യ നീതി നടപ്പിലാക്കുന്നതില്‍ അധികാരികള്‍ വിവേചനം കാട്ടിയതിന്റെ ഫലമാണ് ബിഡിജെഎസിന്റെ ഉദയത്തിന് കാരണം. കോഴിക്കോട് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സഹായം അനുവദിക്കുമ്പോള്‍ ശബരിമലയില്‍ മരിച്ച ഭക്തര്‍ക്ക് യാതൊന്നും ലഭിക്കുന്നില്ല. ഇത് പറഞ്ഞാല്‍ എങ്ങനെ വര്‍ഗീയതയാവും. ഇതിനെ ജനങ്ങള്‍ക്കിടയില്‍ ഇടതു വലതു മുന്നണികള്‍ വര്‍ഗീയതയാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എന്‍ഡിഎ മണ്ഡലം ചെയര്‍മാന്‍ ബാബു ഇടയാടിക്കുഴി അധ്യക്ഷത വഹിച്ചു. പഴയ കാഞ്ഞിരപ്പള്ളി മണ്ഡത്തില്‍ ഉള്‍പ്പെട്ട മുണ്ടക്കയം മേഖലയില്‍ താന്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്റേതാണെന്ന് അവകാശപ്പെടുന്ന പിസി ജോര്‍ജിന് മറുപടി നല്‍കാന്‍ താന്‍ തയ്യാറല്ലെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രി ഭദ്രദീപം തെളിയിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജന്‍, ബിഡിജെസ് ജില്ല പ്രസിഡന്റ് എം.പി സെന്‍, ജോയിന്റ് കണ്‍വീനര്‍ കെ.എം സന്തോഷ് കുമാര്‍, പി വേണു, കെ.പി സുരേഷ്, ഷാജി ഷാസ്, ഒ.ജി സാബു, ലാലിറ്റ് എസ് തകടിയേല്‍, സുശീല്‍കുമാര്‍, ശ്രീപാദം ശ്രീകുമാര്‍, സുരേഷ് ഈട്ടിക്കുന്നേല്‍, ടി.കെ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
















