ന്യൂദല്‍ഹി: കാര്‍ഷിക മേഖലയുടെ രക്ഷയ്ക്കും ഗ്രാമീണ വികസനത്തിനും വേണ്ടി പുതിയ നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ ഈ നിയമം അംഗീകരിക്കേണ്ടതുണ്ട്. കേന്ദ്ര ആസൂത്രണ സംവിധാനമായ നിതി ആയോഗ് നിയമത്തിന് അംഗീകാരം നല്കി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നിതി ആയോഗ് നിയമിച്ച ടി. ഹഖ് കമ്മിറ്റി ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അഗ്രിക്കള്‍ചറല്‍ ലാന്‍ഡ് ലീസിങ് ആക്ട് 2016 അംഗീകരിച്ചത്. കാര്‍ഷിക മേഖലയിലും ഭൂവിനിയോഗ കാര്യത്തിലും വ്യക്തമായ വ്യവസ്ഥ കൊണ്ടുവരുന്ന ഈ നിയമം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറെ നിര്‍ണ്ണായകമായ പരിഷ്കാരമാകും.
പാട്ടത്തിനു കൃഷി ഭൂമികൊടുത്താല് തിരികെ കിട്ടില്ല, പാട്ടഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുന്നു തുടങ്ങിയ കൃഷിഭൂമി ഉടമകളുടെ പ്രശ്നവും പാട്ടഭൂമിയില്‍ കൃഷിചെയ്യുമ്പോള്‍ ഉടമകള്‍ അവരുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന കര്‍ഷകരുടെ പരാതികളും ഇല്ലാതാക്കുന്നതാണ് പുതിയ നിയമം. കൃഷിഭൂമി പാട്ടത്തിനു കൊടുക്കുന്നതും എടുക്കുന്നതും പാടേ നിരോധിച്ചിട്ടുള്ള തെലങ്കാന, കര്‍ണാടക, ബീഹാര്‍, മദ്ധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. കേരളത്തിലും പാട്ടക്കരാര്‍ വ്യവസ്ഥ സ്വാശ്രയ ഗ്രൂപ്പുകള്‍ക്കു മാത്രമായി അടുത്തിടെ ചുരുക്കിയിരുന്നു.
ഗ്രാമീണ മേഖലയുടെ വികസനത്തിനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണ് ഈ നിയമ നിര്‍മ്മാണം. വന്‍ ഭൂ ഉടമകള്‍ കര്‍ഷകര്‍ക്ക് കൃഷിക്കു വിട്ടുകൊടുത്താല്‍ തിരിച്ചുകിട്ടില്ലെന്ന് ഭയന്ന് അതിനു തയ്യാറാകാറില്ല. കാര്‍ഷികമേഖലയില്‍ കാര്‍ഷികേതര പ്രവര്‍ത്തനത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ താല്പര്യമുണ്ട്. ഗ്രാമീണ മേഖലയില്‍ കാര്‍ഷികോല്‍പ്പാദനം കൂടുന്നതനുസരിച്ച് അവിടെ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാവശ്യമാണ്. ഇതിന് സാങ്കേതിക സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ തയ്യാറാകുന്ന സ്ഥാപനങ്ങള്‍ക്ക് നിലവില്‍ വേണ്ടത്ര സഹായ സഹകരണങ്ങള്‍ കിട്ടുന്നില്ല. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതാണ് പുതിയ നിയമം. കാര്‍ഷിക മേഖലയിലേക്ക് വലിയ തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതാകും നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: