ന്യൂദല്‍ഹി: കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. കാര്‍ഷിക മേഖലയിലെ വിപണന സാധ്യതകള്‍ വളര്‍ത്തിയെടുക്കുന്നതിന് രാജ്യത്ത് 21 ഇലക്ട്രോണിക് കാര്‍ഷിക വ്യാപാര കേന്ദ്രങ്ങള്ക്കാണ്പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. കര്‍ഷകര്‍ക്ക്് അവരുടെ അധ്വാനത്തിനുള്ള യഥാര്‍ത്ഥ വില ലഭിക്കുന്നതിനായാണ് സംരംഭം.
രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ വിപണന സംവിധാനം നിലവില്‍ വന്നത്. സപ്തംബറോടെ 200 കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കും. ഇ-നാം(നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റ്) എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതി 2018 മാര്‍ച്ചോടെ 585 കേന്ദ്രങ്ങളിലേക്ക് വികസിപ്പിക്കാനും കേന്ദ്ര കൃഷി-കര്‍ഷക മന്ത്രാലയം ലക്ഷ്യമിടുന്നു. ഓണ്‍ ലൈന്‍ വഴിയുള്ള കാര്‍ഷിക വിളകളുടെ വലിയ വിപണി വളര്‍ത്തിയെടുക്കുന്നതിനായി ഇ പോര്‍ട്ടല്‍ ആരംഭിച്ചത് ഭരണഘടനാ ശില്‍പ്പി അംബേദ്കറിന്റെ ജന്മവാര്ഷികഘോഷത്തോടനുബന്ധിച്ചെന്നതും ശ്രദ്ധേയമായി.
നിലവില്‍ എട്ടു സംസ്ഥാനങ്ങളിലായി 21 ഇലക്ട്രോണിക് വ്യാപാര കേന്ദ്രങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഗോതമ്പ് ഉള്‍പ്പടെ 25ഓളം ധാന്യങ്ങളും, കടുക് തുടങ്ങിയ പച്ചക്കറി വിഭാഗങ്ങളും ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കര്‍ഷകര്‍ക്ക് അവര്‍ ഉത്പ്പാദിപ്പിച്ച സാധനങ്ങളുടെ വില നിശ്ചയിക്കാനും അതുവഴി അധ്വാനത്തിനുള്ള പ്രതിഫലം നേടിയെടുക്കാനും ഇതിലൂടെ സാധിക്കും. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ആസാമിലെ വ്യാപാരികള്‍ക്ക് ഇടനിലക്കാരില്ലാതെ വില്‍പ്പന സാധ്യമാക്കാന്‍ പുതിയ സംവിധാനത്തില്‍ സാധിക്കും.
ഇലക്ട്രോണിക് വ്യാപാരത്തിന് പുറമേ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ഒരു ലൈസന്‍സ്, ഒറ്റകേന്ദ്രത്തില്‍ മാത്രം ഫീസ് എന്നീ പ്രയോജനങ്ങളും കര്‍ഷകര്‍ക്കുണ്ടാകും.
ആദ്യഘട്ടത്തില്‍ ഹരിയാന, യുപി, മദ്ധ്യപ്രദേശ് ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാര്‍ഖണ്ഢ്, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്.
ഏതുസംസ്ഥാനങ്ങളില് വേണമെങ്കിലും കാര്‍ഷിക ഉത്പന്നങ്ങള്‍ അതിന്റെ വിലയ്ക്ക് വിറ്റഴിക്കാന്‍ സാധിക്കുന്ന ഇ മാര്‍ക്കറ്റ് അടുത്തുതന്നെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉദ്യമം സുതാര്യത കൈവരുത്തുമെന്നും കര്‍ഷകര്‍ക്ക് വന്‍ തോതില്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സമൂഹത്തിന് ഇതൊരു വഴിത്തിരിവാണ്. കൃഷിയെ സമഗ്രമായി കണ്ടാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം ഉറപ്പാക്കാനാകൂ. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൈക്കൊണ്ട് വരുന്ന വിവിധ നടപടികള്‍ കര്‍ഷകരോട് വിവരിച്ച പ്രധാനമന്ത്രി ഇനി എന്തൊക്കെ കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമാക്കി.
ഇ മാര്‍ക്കറ്റ് വ്യാപിപ്പിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇ മാര്‍ക്കറ്റിലൂടെ ഉപഭോക്താക്കള്‍ നല്കുന്ന തുകയ്ക്ക് അത്രതന്നെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാണ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കളേക്കാള്‍ കൂടുതല്‍ കര്‍ഷകരുടെ ഉന്നമനത്തിനാണ് ഈ വപിണിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
















