വള്ളിക്കുന്ന് (മലപ്പുറം): കാലിക്കറ്റ് സർവകലാശാലക്ക് സമീപം കാക്കഞ്ചേരി കിൻഫ്രയ്ക്കടുത്ത് മലബാർ ഗോൾഡ് നിർമ്മിക്കാനൊരുങ്ങുന്ന ആഭരണ നിർമ്മാണശാലക്കെതിരെയുള്ള ജനകീയ സമരം 500-ാം ദിവസത്തിലേക്ക്. അധികാരികളുടെ നിസ്സംഗതക്കെതിരെ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്ന് സമരസമിതി ചെയർമാൻ കെ. കെ. ബാലകൃഷ്ണൻ ജന്മഭൂമിയോട് പറഞ്ഞു.
2014 ഡിസംബർ 20ന് ആരംഭിച്ച സമരത്തിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രദേശത്തെ മുഴുവൻ ജനങ്ങളും അണിനിരന്നിട്ടും അധികാരികൾ കണ്ണുതുറന്നിട്ടില്ല. മലബാർ ഗോൾഡിൽ നിന്ന് ലഭിക്കുന്ന വൻസാമ്പത്തിക സഹായമാണ് ഇതിന് കാരണമെന്ന് സമരസമിതി ആരോപിച്ചു.
2003ൽ അന്നത്തെ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമാണ് രാജ്യത്തെ ആദ്യ ഭക്ഷ്യസംസ്കരണ കേന്ദ്രമായി കാക്കഞ്ചേരി കിൻഫ്രയെ പ്രഖ്യാപിച്ചത്. ഏകദേശം മുപ്പതോളം ഭക്ഷ്യസംസ്കരണ യൂണിറ്റുകളും ഇരുപതോളം ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ആഭരണ നിർമ്മാണശാലക്ക് ഇവിടെയെങ്ങനെ അനുമതി ലഭിച്ചെന്ന് നാട്ടുകാർഅത്ഭീതം പ്രകടിപ്പിയ്ക്കുന്നു.
ആഭരണ നിർമ്മാണശാല വന്നാൽ പ്രതിദിനം 48 ലിറ്റർ ആസിഡ് മാലിന്യവും 20 ലിറ്ററോളം സൈനേഡ് മാലിന്യവും പുറന്തള്ളപ്പെടും. ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കിത് ഭീഷണിയാകും. ഈ സാഹചര്യത്തിലാണ് ജനകീയ സമരം ആരംഭിച്ചത്. ഉറച്ച നിലപാടിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമരക്കാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: