ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിനു സുപ്രീംകോടതിയില്‍ തിരിച്ചടി. അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തമിഴ്നാടിന്റെ അപേക്ഷ സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് നല്‍കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഥാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2014 ലെ ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ ഭേദഗതി വേണമെങ്കില്‍ ഇപ്പോഴുള്ള അപേക്ഷ പിന്‍വലിച്ച് പുനഃപരിശോധനാ ഹര്‍ജി നല്കാന് സുപ്രീംകോടതി തമിഴ്നാടിനോട് ആവശ്യപ്പെട്ടു. കേസിന്റെ ഈ ഘട്ടത്തില്‍ വിധിയില്‍ തമിഴ്നാട് ഭേദഗതി ആവശ്യപ്പെടുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കുക, അണക്കെട്ടില്‍ പരിശോധന നടത്താനെത്തുന്ന തമിഴ്നാടിന്റെ ഉദ്യോഗസ്ഥരെ കേരളാ പൊലീസ് പരിശോധിയ്ക്കുന്നത് അവസാനിപ്പിയ്ക്കുക, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്കിയ പാരിസ്ഥിതികാനുമതി റദ്ദാക്കുകയും അതിന്റെ പ്രാരംഭപഠനപ്രവര്‍ത്തനങ്ങള്‍ തടയുകയും ചെയ്യുക എന്നീ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തമിഴ്നാട് സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്.
പോലീസ് സുരക്ഷയുണ്ടെങ്കില്‍ പിന്നെ കേന്ദ്രസേന എന്തിനാണെന്ന് ഇതിനു മുന്‍പും ഹര്‍ജി പരിഗണിക്കവേ തമിഴ്നാടിനോട് സുപ്രീംകോടതി ചേദിച്ചിരുന്നു.
















