ന്യൂദല്‍ഹി: പനാമയില്‍ അനധികൃത നിക്ഷേപമുള്ള ഭാരതീയര്‍ക്ക് പ്രത്യകേ അന്വേഷണസംഘം നോട്ടീസയച്ചു. ബോളിവുഡ് താരം അമിതാഭ് ബച്ചന്, ഐശ്വര്യാ റായ് അടക്കം ഇരുന്നൂറോളം പേര്‍ക്കാണ് നോട്ടീസയച്ചത്.
ഭാരതീയരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നോട്ടീസിനൊപ്പം രണ്ടു ചോദ്യാവലിയായാണ് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യ ചോദ്യാവലിക്ക് മൂന്നുദിവസത്തിനുള്ളിലും, രണ്ടാമത്തെ ചോദ്യാവലിക്ക് ഇരുപത് ദിവസത്തിനുള്ളിലുമാണ് വിശദീകരണം നല്‍കേണ്ടത്. കള്ളപ്പണ നിഷേപത്തെപ്പറ്റി ഏതുരാജ്യം നടത്തുന്ന അന്വേഷണവുമായും സഹകരിക്കുമെന്നും വിവരങ്ങള്‍ പുറത്തായത് അന്വേഷിക്കുമെന്നും പനാമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല അറിയിച്ചിട്ടുണ്ട്.
കള്ളപ്പണം നിക്ഷേപം സംബന്ധിച്ച് 11.5 മില്യണ്‍ രേഖകളാണ് ചോര്‍ന്നത്. ഇതില്‍ പ്രധാനപ്പെട്ട ലോകനേതാക്കളില്‍ പലരുമുണ്ട്. ഐസ്ലാന്‍ഡ്, ഉക്രൈന്, പാക്കിസ്ഥാന്, സൗദി അറേബ്യ, റഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ വ്യവസായികള്‍, സെലിബറേറ്റീസ്, കായിക താരങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍, കള്ളക്കടത്തുകാര്‍ തുടങ്ങിയവരെല്ലാം ഉള്‍പ്പെടുന്നു.
















