അഹമ്മദാബാദ്: ഓര്‍മ്മയുണ്ടാകും നിങ്ങള്‍ക്ക് കുത്തബ്ദീന്‍ അന്‍സാരിയെന്ന ആ യുവാവിനെ. കഴിഞ്ഞ പത്തു – പതിനാലു കൊല്ലമായി പത്രങ്ങളിലും ചാനലുകളിലും ബിജെപിക്കും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഹിന്ദു സംഘടനകള്‍ക്കും എതിരെവലിയൊരായുധമായി ഉപയോഗിച്ചിരുന്ന ചിത്രമാണത്. ഗുജറാത്ത് എന്ന പേര് എവിടെയെങ്കിലും ഉണ്ടെങ്കില്‍, വരും ആ ചിത്രവും. കലാപകാരികളോട് ജീവന് യാചിക്കുന്ന മുസഌം യുവാവെന്ന അടിക്കുറിപ്പോടെ എന്നും എപ്പോഴും ആ ചിത്രം ഉപയോഗിക്കപ്പെട്ടു.
ഒടുവില്‍ സഹികെട്ട് ആ കുത്തബ്ദീന്‍ അന്‍സാരി പറയുന്നു, ആ ചിത്രം ഒഴിവാക്കൂ. എന്നെ ജീവിക്കാന്‍ അനുവദിക്കൂ… ഈ ചിത്രം ഇങ്ങനെ നിരന്തരം വന്നുകൊണ്ടിരിക്കുന്നതിനെ അന്‍സാരി തന്നെ അങ്ങേയറ്റം വെറുത്തിരിക്കുന്നു. ഇപ്പോള്‍ ആസാം, പശ്ചിമ ബംഗാള്‍ തെഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഈ ചിത്രമാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഓരോ തവണയും ഇതു വരുമ്പോള്‍ എനിക്ക് ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണ്. നാളെ എല്ലാവരും ഇതറിയും, ജനങ്ങള്‍ എന്റെ ലക്ഷ്യത്തെപ്പോലും ചോദ്യം ചെയ്യും. എനിക്കിതിനെപ്പറ്റി ഒന്നും അറിയുകപോലുമില്ല. അന്‍സാരി പറയുന്നു.
അന്‍സാരി ഫോട്ടോയിലാകുമ്പോള് പ്രായം 29. ഇപ്പോള്‍ വയസ് 43. കഴിഞ്ഞ പതിനാലു വര്‍ഷമായി എന്നെ രാഷ്ട്രീയപ്പാര്‍ട്ടികളും ബോളിവുഡും എന്തിന് ഭീകര സംഘടനകള്‍ പോലും ദുരുപയോഗം ചെയ്തു. അന്ന് 2002ല്‍ ഞാനങ്ങ് മരിച്ചിരുന്നെങ്കില്‍.. എനിക്ക് എന്റെ കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് കഴിയുന്നില്ല. ഓരോ തവണയും ചിത്രം കാണുമ്പോള്‍ അവര്‍ ചോദിക്കും. പപ്പായെന്തിനാണ് ഇങ്ങനെ കരയുന്നതും യാചിക്കുന്നതും? ആ ചിത്രം എന്റെ ജീവിതം ദുരിതത്തിലാക്കുകയാണ്.
ആസാമിലും ബംഗാളിലും കോണ്‍ഗ്രസ് ഈ ചിത്രം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.
ബിര്ജുനഗറിലെ എലികള്‍ കൂടുകെട്ടിയ, ഒറ്റമുറി കടയിലിരുന്ന് തയ്യല്‍ക്കാരനായ അന്‍സാരി തുടരുന്നു. ഭാര്യയും മൂന്നുമക്കളുമുണ്ട്. അവര്‍ക്ക് ആഹാരത്തിനുള്ള വക പോലും കിട്ടുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ നേട്ടത്തിന് എന്നെ ദുരുപയോഗം ചെയ്തു.അവരെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് എന്റെ ജീവിതം ദുരിതപൂര്ണ്ണമാക്കുകയാണെന്ന് അവര്‍ക്ക് അറിയില്ലേ.. ഞാന്‍ എന്റെ മുഖവും സേവനവും മനപൂര്‍വ്വം ഉപയോഗിക്കുകയാണെന്നാണ് ചില പാര്‍ട്ടികള്‍ കരുതുന്നത്. എനിക്ക് ഗുജറാത്തില്‍ ജീവിക്കണം, സമാധാനം വേണം.
അന്‍സാരി പറയുന്നു. ആ ചിത്രം എനിക്ക് ജീവന് തന്നു. പക്ഷെ മറ്റെല്ലാം എന്റെ ജീവിതത്തില്‍ നിന്ന് തട്ടിയകറ്റി. എന്റെ ജോലി പോയി, സമാധാനം പോയി. ഇപ്പോള്‍ പാര്‍ട്ടികള്‍ എന്റെ അനുമതിയില്ലാതെ എന്റെ ചിത്രം ഉപയോഗിക്കുകയാണ്. എന്റെ ചിത്രം ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് അനുമതി ചോദിച്ചിട്ടില്ല. നേരത്തെ ശരദ്പവാറിന്റെ എന്‍സിപിയും സമാജ്വാദി പാര്‍ട്ടിയും മറ്റു ചില പ്രാദേശിക പാര്‍ട്ടികളും എന്റെ ചിത്രം ഉപയോഗിച്ചിരുന്നു. ഞാന്‍ കോടതിയെ സമീപിച്ചു. പ്രയോജനമുണ്ടായില്ല. ദല്‍ഹി സ്ഫോടന സമയത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്റെ ചിത്രം ദുരുപയോഗം ചെയ്തു. എന്റെ ചിത്രവും ഖുറാന് വചനങ്ങളും ചേര്‍ത്താണ് ഉപയോഗിച്ചത്. ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമാണിതെന്നുവരുത്താനായിരുന്നു അത്.
















