കോട്ടയം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ദുരന്തബാധിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നിയമം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമം നടപ്പാക്കാന്‍ ബാദ്ധ്യതയുള്ളവര്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയതാണ് നൂറിലേറെ പേര്‍ക്ക് ജീവഹാനി സംഭവിക്കാനിടയാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. നിരോധന ഉത്തരവ് പുറപ്പെടുവിച്ചുവെന്നത് കൊണ്ട് കളക്ടര്‍ക്ക് ഉത്തരവാദിത്വം ഒഴിയുന്നില്ല. നിരോധനം നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ട ചുമതല കളക്ടര്‍ക്കുണ്ട്. ജില്ലാ കളക്ടര്‍, പോലീസ് മേധാവികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ഫയല്‍ ആന്റ് റസ്‌ക്യൂ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ വകുപ്പിലെ ചുമതലപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്തത്തിന് ഉത്തരവാദിത്വമുണ്ട്. ഈ സാഹചര്യത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍നിന്നും മാറ്റി നിറുത്തി ഇവര്‍ക്കെതിരെ കേസെടുക്കണം.
ഉദ്യോഗസ്ഥരുടെ ബോധപൂര്‍വ്വമായ അനാസ്ഥമൂലമുണ്ടായ ദുരന്തത്തിന് പൊതുഖജനാവില്‍നിന്നും പണം നഷ്ടപ്പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ല. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിയശേഷം ഇതിനുത്തരവാദികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും ഉള്‍പ്പെടെ റിക്കവറി ചെയ്യണമെന്ന് ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, കെ.ആര്‍. സൂരജ് എന്നിവര്‍ പ്രസംഗിച്ചു.
















