പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തില്‍ കെ.ശിവദാസന്‍നായരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നുമുള്ള രാജി തുടരുന്നു. ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയായ തങ്കച്ചന് കാക്കനാട് കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് , ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , കുളനട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി 30 വര്‍ഷം ജനപ്രതിനിധിയായും 52 വര്‍ഷമായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകനുമാണ് തങ്കച്ചന് കാക്കനാട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ശിവദാസന്‍നായര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്. മുന്‍കാലങ്ങളില്‍ മാലേത്ത് സരളാദേവി, എന്‍.വി.രാഘവന് തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാലുവാരി തോല്‍പ്പിച്ചത് ശിവദാസന്നായരാണെന്നും മണ്ഡലത്തിന്റെ വികസനം പതിറ്റാണ്ടുകള്‍ പിന്നിലാക്കുകയും ചെയ്തെന്നും തങ്കച്ചന് കാക്കനാട് പറഞ്ഞു. ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് ചികിത്സയിലിരിക്കെ ഡികെറ്റിഎഫിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ സമ്മര്‍ദ്ദം ചെലുത്തി പുറത്താക്കിയതിന് പിന്നില്‍ എംഎല്‍എ ആയിരുന്ന ശിവദാസന്നായരായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുളയിലെ ചെറുതും വലുതുമായ നിരവധി കോണ്‍ഗ്രസുകാരെയാണ് ഇത്തരത്തില്‍ പുറത്താക്കിയിട്ടുള്ളത്. എംഎല്‍എ നടത്തുന്ന അഴിമതിയ്ക്ക് കൂട്ടുനില്ക്കാത്തവരോട് പകവെച്ചു പുലര്‍ത്തുകയാണെന്നും തങ്കച്ചന് കാക്കനാട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: