ലാഹോര്‍: ഇരുപത് വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ഭാരതീയന്‍ മരിച്ചു. പഞ്ചാബ് ഗുര്‍ദാസ്പൂര്‍ സ്വദേശിയായ കൃപാല്‍ സിങ്ങാണ് മരിച്ചത്. കടുത്ത ക്ഷീണമാണ് മരണകാരണമായി കരുതുന്നത്.1992ല്‍ വാഗയില്‍ അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് കൃപാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്.
പിന്നീട് ഒരു ബോംബാക്രമണക്കേസ് സിങ്ങിന്റെ തലയില്‍ വച്ചു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ലാഹോറിലെ ജിന്ന ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരണത്തിന് തൊട്ടുമുന്‍പ് നെഞ്ച് വേദനയെടുക്കുന്നതായി കൃപാല്‍ പറഞ്ഞതായി സഹതടവുകാരന്‍ അറിയിച്ചു. പ്രത്യക്ഷത്തില്‍ ഇതൊരു സ്വാഭാവിക മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ജയില്‍ പോലീസ് സ്‌റ്റേഷന്‍ തലവന്‍ നാഫിസ് അഹബദ്ദ് പറഞ്ഞു.
രാഷ്‌ട്രീയക്കാരോ മറ്റു പ്രവര്‍ത്തകരോ കുടുംബാംഗങ്ങളോ സഹോദരന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചില്ലെന്ന് കൃപാലിന്റെ സഹോദരി ജഗീര്‍ കൗര്‍ നേരത്തെ ആരോപിച്ചിരുന്നു. 2013 ഏപ്രിലില്‍ ഭാരതീയനായ പാക്ക് തടവുകാരന്‍ സരബ്ജിത് സിങ് ജയിലില്‍ കൊല്ലപ്പെട്ടിരുന്നു. സഹതടവുകാരുടെ മര്‍ദ്ദനമേറ്റായിരുന്നു സിങ് മരിച്ചത്. അതില്‍ വാദം നടന്നുകൊണ്ടിരിക്കുകയാണ്.
















