ന്യൂദല്‍ഹി: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സേവന പ്രവര്‍ത്തനങ്ങളും ആതുരാലയങ്ങളുമാണ് ആവശ്യമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ബാലഗോകുലം ദല്‍ഹിയില്‍ സംഘടിപ്പിച്ച ‘രാഷ്ട്രത്തെപ്പറ്റിയുള്ള കുട്ടികളിലെ ചിന്തകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിവര്‍ഷം 8,00 കോടി രൂപയുടെ വെടിക്കെട്ട് നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങളെ വെറും ആഘോഷ കേന്ദ്രങ്ങള്‍ മാത്രമാക്കി കണക്കാക്കിയാണ് സമൂഹം മുന്നോട്ടുപോകുന്നത്. ആഘോഷങ്ങള്‍ക്കായി വന്‍തുക ചെലവഴിക്കുന്നത് ഒഴിവാക്കി സേവന കേന്ദ്രങ്ങളും ആശുപത്രികളും നിര്‍മ്മിക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഹിന്ദുമതവുമായി ബന്ധപ്പെട്ട ചരിത്രപരമായ കൂടുതല്‍ വസ്തുതകള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകേണ്ടതാണ്. ഹിന്ദുസമൂഹത്തില്‍ വിവാഹ പൂര്‍വ്വ വിദ്യാഭ്യാസം നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ബാലഗോകുലം ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ കെ.വി രാമചന്ദ്രന് അധ്യക്ഷത വഹിച്ച സെമിനാറില്‍ ടി.പി രാജന് മാസ്റ്റര്‍, മണ്ണടി ഹരി, എന്‍.വേണുഗോപാല്‍, ഹരീന്ദ്രന്‍ മാസ്റ്റര്‍, പി.കെ. സുരേഷ്കുമാര്‍, എം.ആര്. വിജയന് എന്നിവര്‍ സംസാരിച്ചു.
















