പത്തനംതിട്ട : വനവാസി യുവാവിനും പിഞ്ചുകുഞ്ഞിനും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ചോരകക്കി വനത്തിനുള്ളില്‍ ഷെഡ്ഡ് കെട്ടി താമസിച്ച് തേന്‍ ശേഖരിച്ച് വന്നിരുന്ന
ശിവരാമന് (40) ഇയാളുടെ മകന് രാജേഷ് (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ ഇവരോടൊപ്പമുണ്ടായിരുന്ന ശിവരാമന്റെ ഭാര്യ മീനാക്ഷി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. കാട്ടാന ഷെഡ് പൊളിക്കുന്ന ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന ശിവരാമനും കുടുംബവും പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്നു. ഓട്ടത്തിനിടയില്‍ പിന്തുടര്‍ന്ന ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് ശിവരാമന്റെ വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. മകന് രാജേഷിന്റെ വലതുകാലിന് ഒടിവുമുണ്ട്. ഇന്നലെ രാവിലെ ആങ്ങമൂഴിയിലുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍ സുനിലിനെ ശിവരാമന്റെ ഭാര്യ മീനാക്ഷി മൊബൈലില്‍ വിളിച്ചു പറഞ്ഞതിനേത്തുടര്ന്നാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. ഇയാള്‍ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ കെ.എ. സാജു മൂഴിയാര്‍ എസ്ഐ ജി. രാജേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും പോലീസും സംഭവസ്ഥലത്തെത്തി. ആങ്ങമൂഴിയില്‍ നിന്നും മൂഴിയാര്‍ ഡാമിലേക്ക് പോകുന്ന വഴിയില്‍ മെയിന്‍ റോഡില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ഉള്ളിലായി ചോരകക്കി വനമേഖലയിലാണ് സംഭവം നടന്നത്.
മൂഴിയാര്‍ സായിപ്പിന്‍കുഴി ആദിവാസി കോളനിയില്‍ നിന്നും ഒരാഴ്ചയ്ക്കുമുമ്പാണ് ശിവരാമനും കുടുംബവും ചോരകക്കിയില്‍ എത്തിയത്. ഇവരെ കൊണ്ടുവിട്ട ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ആങ്ങമൂഴി സ്വദേശി സുനില്‍. ഇയാളുടെ മൊബൈല്‍ നമ്പര്‍ ആദിവാസികള്‍ വാങ്ങിവച്ചിരുന്നതിനാലാണ് സംഭവം പുറംലോകമറിഞ്ഞത്.
വാരിയെല്ല് തകര്‍ന്ന് തീര്‍ത്തും അവശനായ ശിവരാമനെയും കാലിനു പരിക്കേറ്റ മകന് രാജേഷിനെയും എടുത്തുകൊണ്ടാണ് പോലീസും വനപാലകരും ഒന്നരകിലോമീറ്റര്‍ താണ്ടി പ്രധാന റോഡില്‍ എത്തിച്ചത്. പിന്നീട് വനംവകുപ്പിന്റെ വാഹനത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: