പത്തനംതിട്ട: ചെത്തോങ്കര തോട്ടിലെ മണ്ണും പോളയും മാലിന്യങ്ങളും ജലസസ്യങ്ങളും യന്ത്രസഹായത്താല്‍ നീക്കുന്ന ജോലി അവസാനഘട്ടത്തിലേക്ക്.
തോട്ടില്‍ മണ്ണും ചെളിയും അടിഞ്ഞുകൂടിയതും തിട്ടയിടിഞ്ഞു വന്‍തോതില്‍ മണ്ണ് വീണതും ഇതില്‍ പായലും കാട്ടുചേമ്പും ജലസസ്യങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നിറങ്ങിയതും മൂലംസുഗമമായ നീരൊഴുക്ക് തടസപ്പെട്ട തോട്ടില്‍ നിന്ന് സാമാന്യം ശക്തമായി പെയ്യുന്ന ഏതുമഴയിലും വെള്ളം റോഡിലേക്ക് ഇരച്ചുകയറിയാണ് ഒഴുകിയിരുന്നത്.
ഇതുമൂലം മഴക്കാലത്ത് പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ എരുമേലി, കാഞ്ഞിരപ്പള്ളി, കോട്ടയം റൂട്ടുകളിലും തിരികെയും മിക്കപ്പോഴും വാഹനയാത്ര മുടങ്ങിയിരുന്നു. ചെറിയ വാഹനങ്ങളും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നത്.
സംസ്ഥാന ജലസേചന വകുപ്പിന്റെ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് തോട്ടിലെ മണ്ണും സസ്യങ്ങളും മറ്റു തടസങ്ങളും നീക്കുന്നത്. ഈ സ്ഥലങ്ങളില്‍ നേരത്തെ തോടിനുണ്ടായിരുന്ന സ്വഭാവിക വീതിയും ആഴവും പുനഃസ്ഥാപിച്ച് തോട് വൃത്തിയാക്കുകയാണ്. തോടിന് ആഴവും വീതിയും കുറവായ മാടത്തുംപടി മുതല്‍ വലിയപറമ്പുപടി ഭാഗം വരെയാണ് തോട് വൃത്തിയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: