വെളിയന്നൂര്‍: ലിബിയായിലെ മണലാരണ്യത്തില്‍ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ സ്വന്തം ഭാര്യയെയും താലോലിച്ച് കൊതി തീരാത്ത ഏക മകന്റെയും വേര്‍പാട് താങ്ങാനാവാതെ ലിബിയായില്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വെളിയന്നൂര്‍ തുളസീഭവനില്‍ സുനുവിന്റയും ഏക മകന്‍ പ്രണവിന്റയും മൃതദേഹങ്ങള്‍ക്കരുകില്‍ വിപിന്‍കുമാര്‍ പൊട്ടിക്കരഞ്ഞു.
ലിബിയായിലെ സാബിയായില്‍ കഴിഞ്ഞ 3 വര്‍ഷമായി കുടുംബമായി താമസിച്ചു വന്നിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ബാങ്കില്‍ കിടന്നിരുന്ന പൈസ എടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആകെ അക്കൗണ്ടില്‍ നിന്ന് ഒരു ദിനാറെ പിന്‍വലിക്കാന്‍ സാധിക്കുമായിരന്നുള്ളൂ എന്ന് വിപിന്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. രണ്ട് ഗോത്രങ്ങളില്‍ പെട്ട ആള്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഇവിടെ ആഭ്യന്തര യുദ്ധത്തിന് കാരണമാകുന്നത്. ഞങ്ങള്‍ താമസിച്ചിരുന്നത് ഫഌറ്റിലെ മൂന്നാമത്തെ നിലയിലായിരുന്നു. സംഭവം നടക്കുമ്പോള്‍ ഞാനും മറ്റു കൂടെ ജോലി നോക്കിയിരുന്ന മൂന്ന് കുടുംബവും ആ നിലയില്‍ ഉണ്ടായിരുന്നു. രണ്ട് ദിവസമായി വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. വൈകുന്നേരം ലിബിയന്‍ സമയം 3.45 ഓടെ ഞങ്ങള്‍ ഉറങ്ങുവാന്‍ കിടന്നു. എന്നാല്‍ പുറത്ത് എന്തോ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഹാളിലെത്തി പുറത്തേയ്‌ക്കിറങ്ങി. പെട്ടെന്ന് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് എന്തോ പൊട്ടുന്ന ശബ്ദം കേട്ടതിനെതുടര്‍ന്ന് ഞാന്‍ ഓടി മുറിയിലെത്തിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന ഭാര്യ സുനുവിനെയും തലയുടെ ഭാഗത്ത് എന്തോ തറച്ച നിലയില്‍ കിടക്കുന്ന പ്രണവിനെയും ആയിരുന്നുവെന് വീട്ടില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞ് നിറുത്തി.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ എംബസി അധികൃതരും ഇന്ത്യന്‍ സര്‍ക്കാരും കൂടെ ജോലി നോക്കുന്നവരും വളരെയധികം സഹായിച്ചതായി വിപിന്‍ പറഞ്ഞു. മൃതദേഹം എംപാം ചെയ്തതടക്കം മുഴുവന്‍ ചെലവും ഏകദേശം പതിനാല് ലക്ഷം രൂപയോളം എംബസി അധികൃതര്‍ ആണ് നല്‍കിയതെന്നും വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലിബിയായില്‍ പുതിയ ഭരണാധികാരി അധികാരത്തില്‍ വന്നതിനുശേഷം സ്ഥിതിഗതികള്‍ക്ക് കുറച്ച് അയവ് വന്നതായും വിപിന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ് നിറുത്തി.
















