കോട്ടയം: പാലാ നിയോജക മണ്ഡലത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയെയും കാഞ്ഞിരപ്പള്ളിയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. മനോജിനെയും സ്ഥാനാര്‍ഥികളായി ബിജെപി ദേശീയനേതൃത്വം പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ എല്ലാസീറ്റിലും എന്‍ഡിഎ സ്ഥാനാര്‍ഥികളായി. കേരള കോണ്‍ഗ്രസ് (പി.സി. തോമസ്) വിഭാഗത്തിനു നല്‍കിയ പാലാ മണ്ഡലത്തില്‍ പാര്‍ട്ടിചെയര്‍മാന്‍ പി.സി. തോമസ് മത്‌സരിക്കണം എന്നായിരുന്നു ധാരണ. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം തനിക്ക് മത്‌സരിക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോമസ് അറിയിച്ചതോടെയാണ് സീറ്റ് ബിജെപി ഏറ്റെടുക്കാനും ഈ മണ്ഡലത്തില്‍ ജില്ലാപ്രസിഡന്റ് എന്‍. ഹരിയെ സ്ഥാനാര്‍ഥിയാക്കാനും തീരുമാനിച്ചത്. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ എന്‍. ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലംപ്രസിഡന്റ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുമ്പോഴാണ് കഴിഞ്ഞ പാര്‍ട്ടി പുന:സംഘടനയില്‍ ജില്ലാ പ്രസിഡന്റായി നിയമിതനായത്. 10വര്‍ഷം പള്ളിക്കത്തോട് പ!ഞ്ചായത്ത് അംഗമായിരുന്നു. 2006ല്‍ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്‌സരിച്ചിരുന്നു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജില്ലയില്‍ ഏറ്റവുമധികം വോട്ടുലഭിച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ വി.എന്‍. മനോജാണ് സ്ഥാനാര്‍ഥി. നാലുതവണ വാഴൂര്‍ പഞ്ചായത്ത് അംഗമായി വിജയിച്ച മനോജ് നാലരവര്‍ഷം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്നു. യുവമോര്‍ച്ച മണ്ഡലംപ്രസിഡന്റ്, ജില്ലാപ്രസിഡന്റ്, ബിജെപി ജില്ലാസെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചങ്ങനാശേരിയില്‍ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കോട്ടയത്ത് ബിഎംഎസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.എസ്. കരുണാകരന്‍, പുതുപ്പള്ളിയില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജോര്‍ജ്കുര്യന്‍, കടുത്തുരുത്തിയില്‍ പി.സി. തോമസ് വിഭാഗത്തിലെ സ്റ്റീഫന്‍ ചാഴികാടന്‍, പൂഞ്ഞാറില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി എം.ആര്‍. ഉല്ലാസ്, വൈക്കത്ത് ബിഡിജെഎസിലെ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, ഏറ്റുമാനൂരില്‍ ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പന്‍ എന്നിവരാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍.
















