ചെങ്ങന്നൂര്‍: ഓടുന്ന തീവണ്ടിക്കടിയില്‍പ്പെട്ട ഗുജറാത്തി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ കെട്ടിടംപണിക്ക് വന്ന ഗുജറാത്ത് വല്‍സദ് ജില്ല കത്രേഡില്‍ തല്‍ക്കി വേയ (40) ആണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ചെങ്ങന്നൂരില്‍ നിന്നും ഗുജറാത്തിലെ കത്രേഡിലേക്ക് ടിക്കറ്റ് എടുത്ത ശേഷം പ്ലാറ്റ്‌ഫോമിലൂടെ സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു ഇയാള്‍. ഇതേ സമയം സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്ന ഐലന്‍ഡ് എക്‌സ്പ്രസ്സിന് മുന്നിലേക്ക് ഇയാള്‍ പെട്ടന്ന് വീഴുകയായിരുന്നുവെന്ന് ആര്‍പിഎഫ് പറഞ്ഞു. ഇയാളുടെ മുകളിലൂടെ തീവണ്ടി ഓടിയെങ്കിലും പാളങ്ങളുടെ ഒത്ത മധ്യത്തില്‍ വീണതിനാലും മെലിഞ്ഞ ശരീരപ്രകൃതി കൊണ്ടും കാര്യമായ അപകടമുണ്ടായില്ല. തീവണ്ടി നിന്ന ശേഷം ഓടിക്കൂടിയ യാത്രക്കാരും റെയില്‍വേ അധികൃതരും ചേര്‍ന്ന് ഇയാളെ പുറത്തേക്കെടുത്തു. ഭയന്ന് പോയ ഇയാളുടെ ശരീരത്ത് നിസ്സാരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം ഇയാള്‍ ആശുപത്രി വിട്ടു.
















