കൊട്ടാരക്കര: കൊട്ടാരക്കര കിഴക്കേതെരുവില്‍ മൂന്നു വീടുകളില്‍ മോഷണം. ആറുപവന്‍ സ്വര്‍ണ്ണവും 7,000 രൂപയും നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. കുറ്റിയില്‍ഭാഗം കൊച്ചുവീട്ടില്‍ സോണി കെ.ബാബുവിന്റെ മാതാവ് പൊടിയമ്മയുടെ കഴുത്തില്‍ കിടന്ന മാലയും സമീപത്തെ മുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല, വള, കമ്മല്‍ എന്നിവയുമാണ് മോഷ്ടിക്കപ്പെട്ടത്. ആറ് പവനോളം സ്വര്‍ണ്ണം നഷ്ടപ്പെട്ടു. വീട്ടുകാര്‍ ഉറങ്ങുന്നതിനുമുമ്പ് അകത്തു കടന്നാണ് മോഷണം നടത്തിയതെന്ന് കണക്കാക്കുന്നു. ചരുവിള പറങ്കിമാംവിള വീട്ടില്‍ റോയിയുടെ കിടപ്പുമുറിയിലെ ബാഗില്‍ നിന്നുമാണ് 7,000 രൂപ അപഹരിച്ചത്. ബാഗിലുണ്ടായിരുന്ന മറ്റു സാധനങ്ങള്‍ എല്ലാം വീടിനുപുറത്ത് വലിച്ചു വാരിയിട്ടിരുന്നു. ഷുഗര്‍ ലെവല്‍ നോക്കുന്നതിനുള്ള ഗ്ലൂക്കോ മീറ്ററും ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ടെറസിലെ പൂട്ടിയിട്ടില്ലാത്ത വാതില്‍ വഴി സ്‌റ്റെയര്‍കെയ്‌സ് ഇറങ്ങിയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സംശയിക്കുന്നു. ചരുവിള പറങ്കിമാം വിള വീട്ടില്‍ ബിജുവിന്റെ വസതിയില്‍ മോഷണ ശ്രമം ഉണ്ടായി. ജനലിലൂടെ കൈയ്യിട്ട് മോഷ്ടിക്കാനുള്ള ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് വിജയിച്ചില്ല. രാത്രി ഒന്നരയോടെയാണ് ഇവിടെ മോഷണശ്രമം. ഈ മൂന്നു വീടുകളും നൂറുമീറ്റര്‍ ചുറ്റളവിലാണ്. പോലീസും വിരലടയാള വിദഗ്‌ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇപ്പോള്‍ സ്ഥലം മാറി പോയ റൂറല്‍ എസ്പി ഉള്‍പ്പടെ റൂറല്‍ ജില്ലാ പോലീസ് മേധാവികളുടെ ക്യാമ്പ് ഓഫീസ് ഇവിടെയാണ്. കഴിഞ്ഞവര്‍ഷവും വലിയ മോഷണങ്ങള്‍ ഇവിടെ നടന്നിരുന്നു.
















