ചേര്‍ത്തല: വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തി 19 വര്‍ഷമായി ഓടിച്ചിരുന്ന ബുള്ളറ്റ് മോട്ടര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കണ്ണങ്കര സ്വദേശി പി.കെ. മത്തായിക്കുഞ്ഞ് 2007ല്‍ മുഹമ്മ സ്വദേശി എബ്രഹാമില്‍ നിന്നു വാങ്ങിയ ബുളറ്റിന്റെ രേഖകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയില്‍ നിന്ന് 1992 ലാണ് എബ്രഹാം വാഹനം വാങ്ങിയത്. എറണാകുളം സ്വദേശി, എബ്രഹാമിനെ കബളിപ്പിച്ചതാകാമെന്നാണ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എബ്രഹാം വാഹനത്തിന്റെ രേഖകള്‍ ചേര്‍ത്തല ആര്‍ടിഒ ഓഫിസില്‍ സമര്‍പ്പിച്ച് നാല് തവണയോളം പുതുക്കിയതായും നികുതി അടച്ചതായും തുടര്‍ന്ന് മത്തായിക്ക് കൈമാറ്റം ചെയ്തതും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് മത്തായി ഓഫീസിലെത്തി വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയപ്പോഴാണ് കോഴിക്കോട് സ്വദേശി ഒ. ജെയ്‌സണിന്റെ പേരിലുള്ള വാഹനത്തിന്റെ നമ്പരാണിതെന്ന് മനസിലായത്.
തുടര്‍ന്ന് മത്തായി ജോയിന്റ് ആര്‍ടി ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. ബിജു മത്തായിയുടെയും ജെയ്‌സണ്‍ന്റെയും ബുള്ളറ്റുകളുടെ രേഖകള്‍ പരിശോധിക്കുകയും മത്തായിയുടെ ബുള്ളറ്റിലെ എന്‍ജിന്‍ നമ്പര്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു.
ബുള്ളറ്റും രേഖകളും ചേര്‍ത്തല പോലീസിന് കൈമാറി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
















