കല്‍പ്പറ്റ : നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് റയില്‍പാതയുടെ സര്‍വ്വേ ഡിഎംആര്‍സി യെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് നീലഗിരി – വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി യെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. പദ്ധതി ഏറ്റെടുക്കാമെന്ന് ഡോ:ഇ.ശ്രീധരന് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുമുണ്ട്. 2014-15 ലെ സംസ്ഥാനബജറ്റില്‍ ഈ പാതയുടെ പ്രാരംഭനടപടികള്‍ക്കായി അനുവദിച്ചതായിപറയുന്ന അഞ്ച് കോടി രൂപ ഡിഎംആര്‍സിക്ക് കൈമാറി സര്‍വ്വേ തുടങ്ങാനുള്ള നടപടികള്‍ എവിടേയും എത്തിയിട്ടില്ല. അധികൃതരുടെ അനാസ്ഥ മൂലം ഈ ഫയല്‍ ഇതുവരേയും മന്ത്രിസഭയുടെ പരിഗണനക്ക് എടുത്തിട്ടില്ല.
റെയില്‍പാതയുടെ പ്രാരംഭപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍പുതന്നെ ഫണ്ടനുവദിച്ചതിനാല് അത് വിനിയോഗിക്കുന്നതിന് ഇലക്ഷന് കമ്മീഷന്റെ അനുമതി ആവശ്യമില്ല. സംസ്ഥാനങ്ങളുമായി പങ്കാളിത്തപദ്ധതിയില്‍ പുതിയ പാതകള്‍ അനുവദിക്കുക എന്ന കേന്ദ്രനയത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരണം ആവശ്യപ്പെടുകയും ഇതുപ്രകാരം കേരളം പുതിയ പാതക്ക് 50 ശതമാനം വിഹിതം നല്‍കാമെന്ന് ഉറപ്പുനല്‍കി കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടതുമാണ്. അതിനാല്‍ നിലമ്പൂര്‍ – വയനാട് – നഞ്ചന്‍ഗോഡ് റയില്‍പാതക്ക് കേന്ദ്രം അതീവപ്രാധാന്യമാണ് നല്‍കുന്നത്. ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ പൂര്‍ത്തിയാവാതെതന്നെ ഈ പാതക്ക് കേന്ദ്രം അനുമതി നല്കിയതും ഈ സാഹചര്യത്തിലാണ്. ഈ പാതയുടെ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ചെന്നൈയിലെ ദക്ഷിണ റെയില്‍വേ നിര്മ്മാണവിഭാഗത്തിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും വീഴ്ച്ചവന്നാല്‍ പാതയുടെ നിര്‍മ്മാണം വീണ്ടും നീണ്ടുപോകും. 2014-15 ലെ ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപ ഉടന്‍ ഡി എംആര്‍സിക്ക് കൈമാറിയില്ലെങ്കില്‍ ഈ തുക ലാപ്സായിപ്പോവുകയും ചെയ്യും.
അതിനാല്‍ അടിയന്തിരമായി നിലമ്പൂര്‍ – നഞ്ചന്‍ഗോഡ് റയില്‍പാതയുടെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വ്വേ നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഡിഎംആര്‍സി ക്ക് ഉത്തരവു നല്‍കണമെന്ന് ആക്ഷന്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഈ പാതക്കെതിരെയുള്ള ലോബികളും ശക്തമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
യോഗത്തില്‍ കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ.പി.വേണുഗോപാല്‍, പി.വൈ.മത്തായി, ഒ.കെ.മുഹമ്മദ്, എം.എ.അസൈനാര്‍, വി.മോഹനന്, ജോസ് കപ്യാര്‍മല, ജോയിച്ചന്‍ വര്‍ഗ്ഗീസ്, നാസര്‍ കാസിം, മോഹനന് നവരംഗ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: