ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിഛായക്ക് മങ്ങലേറ്റു, കോട്ടം തട്ടി, മോദി തരംഗം മാഞ്ഞു എന്നൊക്കെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും ചുട്ടയടിയായി എക്കണോമിക് ടൈംസ്, ടൈംസ് ന്യൂസ് സര്‍വ്വീസ് സര്‍വ്വേ. മോദി തന്നെയാണ് ഇപ്പോഴും ജനങ്ങളുടെ പ്രിയങ്കരനെന്നും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വളരെ മികച്ച അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ചിലൊന്ന് പേരും സ്ത്രീകളായിരുന്നു.
മോദി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന സമയത്താണ് സര്‍വ്വേയെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. അധികാരത്തിലേറി കുറച്ചു കഴിഞ്ഞാല്‍ സാധാരണ മിക്ക സര്‍ക്കാരിന്റെയും പ്രതിഛായക്ക് ഇടിവു പറ്റാറുണ്ട്. എന്നാല്‍ വര്‍ഷം രണ്ടാകാറായിട്ടും, ദൃശ്യ, പത്ര മാധ്യമങ്ങള്‍ എന്തൊക്കെ എഴുതിവിട്ടിട്ടും മോദി സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നിട്ടില്ലയെന്നത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്.
സാമ്പത്തിക രംഗത്ത് മികച്ച പ്രകടനമാണ് സര്‍ക്കാര്‍ കാഴ്ചവയ്‌ക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 86 ശതമാനം പേരും അഭിപ്രായപ്പെടുന്നു. തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്ന് 62 ശതമാനം പേരും ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ മോദി സര്‍ക്കാരിന് കഴിയുമെന്ന് 58 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏതാണ്ട് പകുതിപ്പേരും (46 ശതമാനം) ജെഎന്‍യു വിവാദം കോണ്‍ഗ്രസ് ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്നു. ജെഎന്‍യു വിഷയത്തില്‍ മോദി സര്‍ക്കാര്‍ ശരിയായ നടപടികളാണ് കൈക്കൊണ്ടതെന്ന് 52 ശതമാനം പേരും കരുതുന്നു. മൂന്നു ലക്ഷം മുതല്‍ 20 ലക്ഷം വരെ വാര്‍ഷികവരുമാനമുള്ള ഇടത്തരക്കാരും 24 മുതല്‍ 50 വയസുവരെയുള്ളവരുമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.
മോദിക്ക്10ല്‍ 7.68 മാര്‍ക്കാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതാകട്ടെ 3.61 മാര്‍ക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് 5.68 മാര്‍ക്ക് ലഭിച്ചു. ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ ഉണ്ടാക്കുന്ന സഹതാപ തരംഗത്തിന് തെരഞ്ഞെടുപ്പില്‍ ഇനി സ്ഥാനമില്ലെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.
















