കൊല്ലങ്കോട്: പട്ടാമ്പി പെരുമുടിയൂര്‍ അഗ്‌നിഷ്‌ടോമ സോമയാഗത്തിനായുള്ള സോമലതയും യജ്ഞവസ്തുക്കളും പയ്യല്ലൂര്‍ കാച്ചാംകുറിശ്ശി പെരുമാള്‍ (മഹാവിഷ്ണു) ക്ഷേത്ര സന്നിധിയില്‍ വെച്ച് കൈമാറി.
സോമലത, കൃഷ്ണാജിനം എന്നിവ ആചാരവിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കും പ്രത്യേക പൂജകള്‍ക്കും ശേഷം ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ എമ്പ്രാന്തിരിയില്‍ നിന്നും യാഗാചാര്യന്‍മാരായ രവി നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, യാഗത്തിന്റെ സംഘാടക സമിതി സെക്രട്ടറി വിപി. രവീന്ദ്രന്‍, സജീഷ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കാച്ചാംകുറിശ്ശി ക്ഷേത്രം ഫിറ്റ് പേഴ്‌സണ്‍ കെ.ബി.വാസുദേവ മേനോന്‍, ദേവസ്വം സൂപ്പര്‍വൈസര്‍ കെ.രമേഷ് കുമാര്‍, ഉത്സവ കമ്മറ്റി പ്രസിസന്റ് എം.നാരായണന്‍ നായര്‍, ജനറല്‍ സെക്രട്ടറി എ.ശശീവന്‍, കോഓര്‍ഡിനേറ്റര്‍ സി.പ്രഭാകരന്‍, വൈസ് പ്രസിഡന്റ്‌മോഹനന്‍, ജയപ്രകാശ് മേനോന്‍, കെ.മോഹനന്‍, എസ്.രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പയ്യല്ലൂരിലുള്ള റിട്ട. എസ്.ഐ വിശ്വനാഥന്റെ വിശ്വമോഹനം വീട്ടില്‍ നിന്നാണ് സോമലത ക്ഷേത്രത്തില്‍ എത്തിച്ച് ആചാര വിധി പ്രകാരം സോമയാഗ കമ്മറ്റിക്ക് കൈമാറിയത്.
കേരളത്തിലെവിടെ യാഗം നിശ്ചയിച്ചാലും കൊല്ലങ്കോട് കാച്ചാംകുറുശ്ശി ക്ഷേത്രത്തില്‍ വിവരം അറിയിക്കുകയും, അവിടെ നിന്ന് കൊല്ലങ്കോട് രാജാവിന്റെ അനുമതിയൊടെ സോമലതയും, കൃഷ്ണാജിനവും എത്തിക്കുകയും ചെയ്യുകയാണ് പതിവ്. സഹ്യപര്‍വ്വതത്തിന്റെ വലിയൊരു ഭാഗം കൊല്ലങ്കോട് രാജാവിന്റെ അധീനതയിലായതിനാലാണ് അവിടെ മാത്രം ലഭിക്കുന്ന ഈ വനവിഭവങ്ങള്‍ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നത്.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വ്വ സസ്യമാണ് സോമലത. സോമലതയുടെ നീരായ സോമരസം മുഖ്യഹവിസ്സായി ഹോമിക്കുന്ന യജ്ഞമാണ് സോമയാഗം.
അഗ്‌നിഷ്ടോമ സോമയാഗശാലയില്‍ യാഗശാലയിലെ രാജാവായ സോമലതയെ ഭക്തജനങ്ങളും ആചാര്യന്‍മാരും ചേര്‍ന്ന് എതിരേറ്റു. കൊല്ലങ്കോട് നിന്നും കൊണ്ടുവന്ന സോമലതയുടെ യാഗശാലാ പ്രവേശനസമയത്ത് വിവിധ വേദപാഠശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വേദമന്ത്രങ്ങള്‍ ഉരുക്കഴിച്ചു. ഭക്തരുടെ ഓം നമ:ശിവായ ജപത്തില്‍ യാഗശാല മുഖരിതമായി. യാഗത്തിന്റെ രണ്ടാം ദിനമായ ഏപ്രില്‍ പത്തിന് നടക്കുന്ന സോമക്രയത്തോടെ സോമലത രാജാ ആസന്ധിമേല്‍ പ്രതിഷ്ഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: