ചെന്നൈ: ദേശീയപതാക ഉയര്‍ത്തുന്നതിനിടെ ഫോണ്‍ ചെയ്യുന്ന ഫോട്ടോ വൈറലായി, തമിഴ്നാട്ടിലെ പല്ലാവരം നിയോജകമണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി സി.വി. ഇളങ്കോവന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു പോയി.
2014ല്‍ പകര്‍ത്തിയ ചിത്രമാണ് ഇളങ്കോവന് വിനയായത്. പമ്മല്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാനാണ് ഇളങ്കോവന്. അവിടുത്തെ തന്നെ സര്‍ക്കാര്‍ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഫോണ്‍ ചെയ്യുന്ന ചിത്രമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ ചിത്രം കാരണം പല്ലാവരം നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടുന്ന വക്കിലാണ് ഇളങ്കോവന്.
മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായ അദ്ദേഹം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. താന്‍ പതാക അല്ല ഉയര്‍ത്തിയതെന്നും മുകളില്‍ നിന്നും ഒരദ്ധ്യാപിക എറിഞ്ഞുതന്ന കയറാണ് ചിത്രത്തില്‍ തന്റെ കൈകളില്‍ ഉള്ളതെന്നുമാണ് ഇളങ്കോവന്റെ വാദം. എന്തുതന്നെയായാലും സീറ്റിന്റെ കാര്യത്തില്‍ അമ്മ തന്നെ കനിയേണ്ട അവസ്ഥയിലാണ് അദ്ദേഹത്തിന്റെ സ്ഥിതി.
















