മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഇരവികുളം നാഷണല്‍ പാര്‍ക്ക് 11 ന് തുറക്കും. ഫെബ്രുവരി ആദ്യമാണ് പാര്‍ക്ക് അടച്ചത്. ഏപ്രില്‍ ആദ്യം തുറക്കാറുണ്ടെങ്കിലും പ്രസവിക്കാനുള്ള ആടുകള്‍ അവശേഷിച്ചതിനാലാണ് പാര്‍ക്ക് തുറക്കുന്നത് താമസിക്കാന്‍ കാരണമായത്.
ഈ വര്‍ഷം 85 വരയാടിന് കുട്ടികളാണ് ഇരവികുളത്ത് പിറന്ന് വീണതെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ലെ കണക്കെടുപ്പില്‍ 894 വരയാടുകളായിരുന്നു ഉണ്ടായിരുന്നത്. 2015ല്‍ 900 ആയി കൂടി. കുഞ്ഞുങ്ങള്‍ പിറക്കുന്നത് വര്‍ദ്ധിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് ജീവിക്കുന്നവ 40 ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാഷണല്‍ പാര്ക്കിന് ചുറ്റുമുള്ള മീശപ്പുലി മല, കുണ്ടലി, ഇടലിമുട്ടപ്പാറ, മാങ്ങാപ്പാറ എന്നിവിടങ്ങളില്‍ വരയാടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേയ് ആദ്യവാരത്തോടെ വരയാടിന്റെ കണക്കെടുപ്പ് ആരംഭിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഡോ.രാജന് വര്‍ഗീസാണ് കണക്കെടുപ്പിന്റെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍.
ജി.പി.എസ്, വയര്‍ലസ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് 5 ദിവസത്തെ കണക്കെടുപ്പ് നടത്തുന്നത്. എല്ലാ വര്‍ഷവും കണക്കെടുപ്പ് നടക്കുന്നുണ്ട്. സഞ്ചാരികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിവരുന്നതായി പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
















