കൊട്ടാരക്കര: മൃതദേഹം കൊണ്ടുവരണമെന്ന വ്യാജസന്ദേശം നല്‍കി ആംബുലന്‍സ് വിളിച്ചുവരുത്തിയ ശേഷം ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി ആംബുലന്‍സ് കടത്തിക്കൊണ്ടുപോയതായി പരാതി. ആംബുലന്‍സിന്റെ ഉടമസ്ഥനായ പട്ടാഴി പ്രതീക്ഷാ കണ്‍സ്യൂമര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് ബിജുഫിലിപ്പാണ് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30ഓടെ സന്ദേശം ലഭിച്ച ആംബുലന്‍സ് ഡ്രൈവര്‍ കടമ്പനാട് മണ്ണടി സ്വദേശിയായ നവാസ് കൊട്ടാരക്കരയില്‍ കാത്തുനിന്ന രണ്ടുപേരുമായാണ് തിരുവനന്തപുരത്തേക്കു പോയത്. വാളകത്തെത്തിയപ്പോള്‍ പണം വാങ്ങുന്നതിനായി ഇടറോഡിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടു. ഇവിടെ കാത്തുകിടന്ന കാറിനു സമീപം ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഡ്രൈവര്‍ നവാസിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ അതുമായി കടക്കുകയും ചെയ്തു. നവാസ് കുന്നിക്കോട്, കൊട്ടാരക്കര പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. മടങ്ങി പട്ടാഴിയിലെത്തിയപ്പോള്‍ സൊസൈറ്റി ഓഫീസ് കുത്തിത്തുറന്ന് രേഖകളും മൊബൈല്‍ മോര്‍ച്ചറിയും മറ്റും കടത്തിക്കൊണ്ടു പോയതായി കണ്ടെത്തി. നവാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
















