തുറവൂര്‍: കഠിനമായ വേനല്‍ച്ചൂടില്‍ വെന്തുരുകി തീരദേശ കായലോര ഗ്രാമങ്ങള്‍ കുടിവെള്ളം പോലും ലഭിക്കാതെ ദുരിതത്തില്‍, കണ്ണടച്ചിരുട്ടാക്കി അധികൃതരും. ഗ്രാമപഞ്ചായത്തിന്റെ കടലോര മേഖലയായ ഇല്ലിക്കല്‍, പടിഞ്ഞാറെ മനക്കോടം, പള്ളിത്തോട്, ചാപ്പക്കടവ് പൊഴിച്ചിറ കിഴക്കന്‍ കായലോര പ്രദേശമായ വളമംഗലം പട്ടണക്കാട് പഞ്ചായത്തിലെ മേനാശേരി, വെട്ടയ്‌ക്കല്‍, ആറാട്ടുവഴി, അന്ധകാരനഴി എന്നിവിടങ്ങളിലും രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രകാരമുള്ള പൈപ്പ് ലൈനുകള്‍ എത്തിയിട്ടുള്ള മേഖലയിലെ പ്രധാന ശുദ്ധജല സ്രോതസുകളായിരുന്ന കുളങ്ങളും കിണറുകളും മറ്റും വൃത്തിയാക്കി സംരക്ഷിക്കാത്തതിനാല്‍ ഉപയോഗശൂന്യമായ സ്ഥിതിയിലാണ്.
ജൈക്ക (ജപ്പാന്‍ കമ്പനി) കൈവിട്ടതോടെ വാട്ടര്‍ അതോറിട്ടിയുടെ കീഴിലായ ശുദ്ധജലവിതരണം പൈപ്പ് പൊട്ടലും മറ്റ് തകരാറുകളും മൂലം നിരന്തരം വിതരണം നിലയ്‌ക്കുന്ന സ്ഥിതിയിലാണ്. പലസ്ഥലങ്ങളിലും പൈപ്പുകളില്‍ നിന്ന് ഒരുതുള്ളി വെള്ളമെങ്കിലും ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞതായാണ് നാട്ടുകാരുടെ പരാതി.
പട്ടണക്കാട് പഞ്ചായത്തിലെ മേനാശേരി, വെട്ടക്കല്‍ പ്രദേശത്ത് കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചിട്ടുള്ള ടാങ്കിന് സമീപം പൈപ്പ് പൊട്ടുന്നത് നിരന്തര സംഭവമായി മാറിയിരിക്കയാണ്. ഓരുവെള്ളക്കയറ്റം മൂലം ജലസ്രോതസ്സുകളെല്ലാം ഉപയോഗ ശൂലന്യമായ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിന് പുറമെ കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വാട്ടര്‍ അതോറിട്ടി പൈപ്പുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ പൈപ്പുപൊട്ടല്‍ പതിവായതിനാല്‍ ദിവസത്തില്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നത്. ഇത് മുതലാക്കി തീരഗ്രാമങ്ങളില്‍ കുടിവെള്ള വില്‍പ്പനക്കാരും സജീവമായിരിക്കയാണ്.
ചേര്‍ത്തല താലൂക്കിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാനായി ആവിഷ്‌ക്കരിച്ച ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനവും താളം തെറ്റിയതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം കുടി വെള്ളവും വിലയ്‌ക്കു വാങ്ങേണ്ട ഗതികേടിലാണ് തീരദേശവാസികള്‍.
















