ഹരിപ്പാട്: കടലമ്മയുടെ കനിവില്‍ കഴിയുന്ന തീരദേശവാസികള്‍ പട്ടിണിയുടെ പിടിയില്‍. മത്സ്യം കിട്ടാനില്ല. ബോട്ടുകള്‍ക്ക് മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള മീന്‍ പോലും കിട്ടുന്നില്ല. പൊങ്ങ് വള്ളങ്ങളില്‍ ഒരാള്‍ മാത്രം പോയി കൊണ്ടുവരുന്ന മീന്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം.
തെര്‍മോകോള്‍ ഉപയോഗിച്ചുള്ള രണ്ട് തരം വള്ളങ്ങളാണ് ഇപ്പോള്‍ മീന്‍ പിടുത്തത്തിനായി കടലിലിറക്കുന്നത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാവുന്ന വള്ളമാണിത്. 24,000 രൂപ, 6000 രൂപ എന്നിങ്ങനെയാണ് വള്ളങ്ങളുടെ വില. ഒരു ദിവസം മൂന്നുപ്രാവശ്യം വരെ ഇത്തരം പൊങ്ങുകളില്‍ പോയി മീന്‍ പിടിക്കുന്നു. 70 കിലോ മുതല്‍ 100 കിലോ വരെ മീന്‍ ഒരു തവണ ലഭിക്കുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
മത്തിയാണ് ഇത്തരം വള്ളക്കാര്‍ക്ക് ലഭിക്കുന്നത്. കിലോയ്‌ക്ക് 100 രൂപയാണ് മത്തിയുടെ വിപണി വില.
പൊങ്ങുകളില്‍ നിന്ന് കിട്ടുന്ന മീന്‍ അതേപടി ചെറിയ വണ്ടികളില്‍ കൊണ്ടുപോയി കിഴക്കന്‍ മേഖലകളിലാണ് വില്‍ക്കുന്നത്. റോഡിന്റെ ഓരത്ത് വല കുടഞ്ഞ് മീന്‍ എടുക്കുന്നതിനാല്‍ ഐസിടാതെ തന്നെ ജനങ്ങള്‍ക്ക് മീന്‍ കിട്ടുന്നു. കന്നിമാസം മുതല്‍ മേടം വരെയുള്ള കാലയളവിലാണ് പൊങ്ങുകളിലൂടെ മീന്‍ കിട്ടുന്നത്. മത്തി, അയില, തുടങ്ങിയ മീനുകളാണ് ഇങ്ങനെ കിട്ടുന്നത്. വൃശ്ചിക മാസത്തില്‍ ചെമ്മീനും ലഭിക്കും.
കടല്‍ ശുഷ്‌ക്കമാവുന്ന സമയങ്ങളില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. വീട്ടമ്മമാരും മറ്റ് ജോലികള്‍ക്കായി ഇറങ്ങിയാണ് പല കുടുംബങ്ങളും അന്നത്തിന് വകയുണ്ടാക്കുന്നത്. വറുതിയുടെ നാളുകളില്‍ ഉപജീവനത്തിനായി മീന്‍ പിടുത്തത്തിന്റെ അനുബന്ധ തൊഴിലുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം. ചാകരയുടെ നാളുകളില്‍ ലഭിക്കുന്ന സമ്പത്ത് ചോര്‍ന്നുപോകാതെ പ്രത്യുല്‍പ്പാദനപരമായ കാര്യങ്ങളിലേക്ക് വിനിയോഗിക്കുവാനുള്ള സാധ്യതകളും സര്‍ക്കാര്‍ കണ്ടെത്തണം.
















