ആലപ്പുഴ: ഫഌക്‌സ് ബോര്‍ഡുകള്‍ക്കും പ്ലാസ്റ്റിക് ബോര്‍ഡുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പഴയകാലത്തെ ചുവരെഴുത്തും തുണിബാനറുകളും തിരിച്ചെത്തി. വേനല്‍ച്ചൂടിന് ശക്തി പ്രാപിച്ചിട്ടും ഇതൊന്നും വകവയ്‌ക്കാതെ നട്ടുച്ചനേരത്തും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി ചുവരെഴുത്തും തുണിബാനറുകളും എഴുതുന്ന തിരക്കിലാണ് നാട്ടിലെ കുട്ടി കലാകാരന്മാര്‍.
മതിലുകളിലും ചുവരുകളിലും കുമ്മായം പൂശി നിരവധി വര്‍ണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അതാതു പ്രദേശത്തെ കലാകാരന്മാര്‍ തങ്ങളുടെ എഴുത്തിനും ചിത്രംവരയ്‌ക്കും പരിശീലനക്കളരിയായി മാറ്റിക്കൊണ്ടിരിക്കുന്നത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഈ തെരഞ്ഞെടുപ്പ് മാമാങ്കത്തിലൂടെയായിരുന്നു. ഇതിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം ഇവര്‍ക്ക് ഒരു പ്രോത്സാഹനം കൂടിയായിരുന്നു.
എന്നാല്‍ ഫഌക്‌സ്‌ബോര്‍ഡുകളുടെയും ബാനറുകളുടെയും വരവോടെ നാട്ടിലെ ചെറുകിട അഴുത്തുകാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. അതോടെ തുണിയിലുള്ള ബാനറുകളും ചുവരുകളിലെ എഴുത്തും തെരഞ്ഞെടുപ്പുകളിലെ ഈ കലാകാരന്മാരും അന്യം നിന്നുപോകുന്ന സ്ഥിതിവന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഫഌക്‌സ് ബോര്‍ഡുകളോട് വിമുഖത കാട്ടിയതും ചുവരെഴുത്തുകാര്‍ പോയകാല പ്രതാപം വീണ്ടെടുക്കാനുള്ള അവസരമൊരുക്കി.
ഫഌക്‌സ് ബോര്‍ഡുകളുടെ അതിപ്രസരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതും ചുവരെഴുത്തുകാര്‍ക്ക് ഗുണകരമായി. അതുകൊണ്ടുതന്നെ ശക്തമായ വേനല്‍ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പിന്റെ നൂറുഡിഗ്രി ചൂടിനെ ആവേശത്തോടെ പുണരുകയാണ് ചുവരെഴുത്തുകാര്‍.
















