ആലപ്പുഴ: പുന്നപ്ര വടക്കുപഞ്ചായത്ത് പറവൂര്‍ ലൈബ്രറി- ഹൈസ്‌കൂള്‍ റോഡ്, ഹൈസ്‌കൂള്‍ പൂന്തുരം റോഡ്, പഞ്ചായത്താഫീസ് റോഡ് എന്നിവയുടെ നിര്‍മ്മാണം ഏറ്റെടുത്ത് കാലങ്ങളായിട്ടും പണി ആരംഭിക്കാത്ത കരാറുകാരന്റെ അനാസ്ഥയ്‌ക്കെതിരെ റസിഡന്റ്‌സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആലപ്പുഴ എഎന്‍പുരത്തുള്ള കരാറുകാരന്റെ വീടിനു മുന്നില്‍ നടത്തിയ ഉപരോധ സമരം എംഎല്‍എയുടെ നേതൃത്വത്തില്‍ അലങ്കോലമാക്കി. നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ കാലതാമസം നേരിടുന്നത് പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെയും എംഎല്‍എയുടെയും പിടിപ്പുകേടാണെന്ന് സമരത്തില്‍ സംസാരിച്ച ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ ആരോപിച്ചു.
സമരപരിപാടിക്കിടയില്‍ കയറിവന്ന ജി. സുധാകരന്‍ എംഎല്‍എ ഈ സമരം സിപിഎം പരിപാടിയാക്കി മാറ്റുവാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ഓഫീസില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനായി കൂടിയെങ്കിലും ജി. സുധാകരന്‍ എംഎല്‍എ കസേര വലിച്ചെറിഞ്ഞ് ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ ഇറങ്ങിപ്പോകുകയായിരുന്നു. കരാറുകാരനും എംഎല്‍എയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇതോടെ വെളിച്ചത്ത് വന്നിരിക്കുകയാണെന്നും ഇത്തരത്തില്‍ അസഹിഷ്ണുതയും മാടമ്പിത്തരവും കാണിക്കുന്ന ജി. സുധാകരനെ ചങ്ങലയ്‌ക്കിടാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നും എല്‍.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.
സമരത്തില്‍ ബിജെപി നിയോജകമണ്ഡലം ഭാരവാഹികളായ വി. ശ്രീജിത്ത്, കെ.പി. പരീക്ഷിത്ത്, വി. ബാബുരാജ്, ബിജു തുണ്ടില്‍, ആര്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
















